Skip to content Skip to footer

ആണധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ക്ക് വിള്ളലേല്‍ക്കുക തന്നെയാണ് …ദീപ പി.എം (അവലംബം : ട്രൂ കോപ്പി തിങ്ക് )

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ കേരളീയ സമൂഹത്തില്‍ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ? 

ദീപ പി.എം: 2010 -ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ആദ്യകാലങ്ങളില്‍ അധികാരം പ്രയോഗിക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭിച്ചില്ലെങ്കിലും ഭരണനിര്‍വഹണ ഇടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം (visibility) ഉണ്ടായി എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിത്തന്നെ കാണുന്നു. ആദ്യകാലങ്ങളില്‍ അധികാരശേഷിയുള്ള പുരുഷന്റെ ഭാര്യ/മകള്‍/ സഹോദരി എന്നിവരെ നിയോഗിച്ച പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇവിടെ അധികാരതലത്തില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് തന്നെയാണ് നടന്നുപോകുന്നത്. അതുവരെ പുറത്തിറങ്ങാത്ത സ്ത്രീകളായിരുന്നു അന്ന് ഭരണത്തിലെത്തിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണാധികാരത്തിലുള്ള സ്ത്രീപ്രാതിനിധ്യം പ്രയോഗതലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഈ 10 വര്‍ഷം സ്ത്രീശാക്തീകരണത്തിന്റെ കഴിവുതെളിയിച്ച ഒരു കാലഘട്ടം തന്നെയാണെന്ന് നാം ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സഹനത്തിന്റെയും മാതൃത്വത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ ലഹരി മാത്രം നുണഞ്ഞിരുന്ന സ്ത്രീ അധികാരത്തിന്റെ ലഹരി പതുക്കെ അറിയാന്‍ തുടങ്ങുകയാണ്, അധികാരത്തിലെത്തിപ്പെടുന്ന സ്ത്രീ അഞ്ചുവര്‍ഷത്തെ കാലയളവിനുള്ളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു വികാസത്തിലേക്ക് എത്തിച്ചേരുന്നത് നമുക്ക് കാണാന്‍ കഴിയും.

ആദ്യമാദ്യം അടങ്ങിയൊതുങ്ങി, അനുസരിച്ച്, ആരുടെയോ ഔദാര്യം കൊണ്ടാണ് താന്‍ ഇവിടെ എത്തിയതെന്ന നിഷ്‌കളങ്കമായ വിനയം അവളുടെ മുഖമുദ്രയായിരിക്കും. പതുക്കെ ഇടപെടലുകളിലൂടെയും അനുഭവങ്ങളിലൂടെയും അവള്‍ പക്വത പ്രാപിക്കും. തന്റെ ലിംഗപദവിയെക്കുറിച്ച് അവള്‍ ബോധവതിയാകും. തന്റെ ഉത്തരവാദിത്വള്‍, കടമകള്‍ തുടങ്ങിയവയെല്ലാം നിറവേറ്റാന്‍ അവള്‍ തീര്‍ത്തും പ്രാപ്തയാകുമ്പോഴേക്കും ആ ഭരണ കാലയളവ് അവസാനിച്ചിരിക്കും.
ഇങ്ങനെ ഭരണപാടവമുള്ള, അനുഭവസമ്പന്നരായ സ്ത്രീകള്‍ പിന്നീട് ഭരണരംഗത്തു വരുന്നത് വളരെ കുറവാണ്. 

2. നിയമസഭ – ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോള്‍ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കണ്‍വെര്‍ട്ട് ചെയ്യപ്പെടാത്തത്?

50% സംവരണം നല്‍കിത്തുടങ്ങിയ കാലത്ത് മത്സരിക്കാന്‍ സ്ത്രീകളെ കിട്ടുന്നില്ല എന്ന പരാതി പൊതുവേ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ യും മറ്റും കഴിവുറ്റ സ്ത്രീകളുടെ വലിയൊരു കൂട്ടം തന്നെ നാട്ടിന്‍പുറങ്ങളിലൊക്കെ ഉണ്ടായിവന്നു.

അടുക്കളയില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍ നാടിന്റെ വികസനപ്രവര്‍ത്തനങ്ങളിലും പൊതു കാര്യങ്ങളിലുമൊക്കെ ഇടപെടുന്ന പൗരബോധമുള്ള സ്ത്രീയായി മാറി. വലിയ അക്കാദമിക വിദ്യാഭ്യാസമൊന്നും നേടിയവരല്ലെങ്കില്‍ക്കൂടി താന്‍ നില്‍ക്കുന്ന ഇടത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. സ്ത്രീകള്‍ Estimate-നെക്കുറിച്ചും Plan – നെക്കുറിച്ചും അടങ്കല്‍ത്തുകയെക്കുറിച്ചുമൊക്കെ ഉറച്ച ബോധ്യത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ക്ക് വിള്ളലേല്‍ക്കുക തന്നെയാണ് ചെയ്തത്.

വളരെ സുതാര്യമായ, നല്ല ഭരണം കാഴ്ചവെക്കുവാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന ഉറച്ച ബോധ്യത്തിലേക്ക് സമൂഹത്തെ എത്തിക്കാന്‍ ഈ വര്‍ഷം തന്നെ ധാരാളം മതിയായി. സ്ത്രീയുടെ ഭരണശേഷി വളരെ വ്യക്തമായി തെളിയിക്കപ്പെട്ടിട്ടും നിയമസഭാ – ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5% പോലും സ്ത്രീകളെ സ്ഥാനാര്‍ഥികളായി നിര്‍ത്താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയ്യാറാവുന്നില്ല എന്നത് അധികാരത്തോടുള്ള പുരുഷന്റെ ആര്‍ത്തിത്തന്നെയാണ് തുറന്നുകാട്ടുന്നത്.

സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളാണ്. ഈ രാഷ്ട്രീയപാര്‍ട്ടികളുടെ അധികാരകേന്ദ്രങ്ങളിലോ, നേതൃത്വസ്ഥാനങ്ങളിലോ ഒന്നുംതന്നെ സ്ത്രീകള്‍ ഇല്ല. പേരിനുമാത്രമല്ലാതെ സ്ത്രീകളെക്കൂടി ഉള്‍ച്ചേര്‍ന്നുകൊണ്ട് ഒരു ആന്തരികനവീകരണം ഒരു രാഷട്രീയപാര്‍ട്ടിയും നടത്തുന്നില്ല എന്നുവേണം നമ്മള്‍ മനസ്സിലാക്കാന്‍. അവര്‍ തങ്ങളുടെതന്നെ തുടര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സംവരണം മൂലം വലിയ അധികാരനഷ്ടം തന്നെയാണ് പുരുഷനേതൃനിരയ്ക്ക് സംഭവിച്ചത്.

മിക്ക രാഷ്ട്രീ​യപാര്‍ട്ടികളിലും സ്ഥാനാര്‍ഥിക്കുപ്പായമണിഞ്ഞ ആണുങ്ങള്‍ തമ്മില്‍ത്തല്ലുകയാണ്. നിയമസഭാ – ലോക്‌സഭാ ഇലക്ഷനുകളിലും ഈ സംവരണം നടപ്പിലായാല്‍ ഇവരുടെ മനോനില തന്നെ തകര്‍ന്നെന്നു വരും. കഴിവുറ്റ, പ്രാപ്തിയുള്ള സ്ത്രീകള്‍ എന്ന ധാരാളമുണ്ടെന്ന തിരിച്ചറിവും ഇത്തരക്കാര്‍ക്ക് തലവേദന ഉണ്ടാക്കുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടികളില്‍ തീരുമാനമെടുക്കേണ്ട സ്ഥാനങ്ങളില്‍ നിന്നും അവരെ ഒഴിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്.

3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാര്‍ത്ഥത്തിലാണ്. വളര്‍ന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അര്‍ത്ഥത്തില്‍) അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

 സമൂഹത്തിലെ സജീവസാന്നിധ്യമാവാന്‍ തുടങ്ങിയതോടെ കുടുംബം, മതം തുടങ്ങിയ സ്ഥാപനങ്ങളിലെ ‘ഇരട്ടത്താപ്പ്’ സ്ത്രീകള്‍ കൃത്യമായി മനസ്സിലാക്കാന്‍ തുടങ്ങി. ആദര്‍ശാത്മകബിംബങ്ങളെ സ്ത്രീകള്‍ (അകമേയെങ്കിലും) തിരസ്‌കരിക്കാന്‍ തുടങ്ങി. സ്ത്രീയുടെ അധ്വാനത്തിന്റെ വില തിരിച്ചറിഞ്ഞേ പറ്റൂ എന്ന നില വലിയൊരു ശതമാനം സ്ത്രീകളും കുടുംബത്തിനകത്ത് ഉണ്ടാക്കിയെടുത്തു.

അവള്‍ കൂടി അധ്വാനിച്ചു കൊണ്ടുവരുന്ന തുകയും ചേര്‍ത്ത് കെട്ടിപ്പൊക്കുന്ന സൗധങ്ങളില്‍നിന്ന്​ ശ്വാസംമുട്ടി പലപ്പോഴും അവള്‍ക്ക്​ വെറുംകൈയോടെ ഇറങ്ങേണ്ടിവന്നു. ‘നമ്മുടെ വീട് ‘ എന്ന ഓമനപ്പേരില്‍ ചൂഷണം ചെയ്യപ്പെട്ട്, എല്ലാം അവന്റെ പേരില്‍ മാത്രമാണെന്ന തിരിച്ചറിവ് വളരെ വൈകിയാണ് അവള്‍ക്ക് ഉണ്ടാവുന്നത്. കുടുംബകോടതികളിലെ തിരക്ക് സൂചിപ്പിക്കുന്നത് സ്ത്രീബോധം ഉയരുന്നതിന്റെ ഗ്രാഫ് തന്നെയാണ്; അല്ലാതെ ഇവിടുത്തെ എല്ലാ ‘മൂല്യങ്ങളും ‘ ആകെത്തകര്‍ന്നുപോയി എന്നതല്ല. വ്യക്തി എന്ന നിലയില്‍ തന്നെ അംഗീകരിക്കാത്ത ഒരിടത്തും സ്ത്രീയെ തളച്ചിടാന്‍ ഇന്ന് കഴിയില്ല.

കുടുംബത്തിനകത്ത് അധികാരത്തിന്​ വടംവലി ഉണ്ടാവരുത് എന്നാണ് എന്റെ വ്യക്തിപരമായുള്ള അഭിപ്രായം. സ്ത്രീയുടെ കഴിവുകള്‍ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ടാവണം. ഉപാധികളില്ലാത്ത സ്‌നേഹം നിലനില്‍ക്കുന്നിടത്ത് ഇത്തരം ഈഗോകള്‍ക്ക് സ്ഥാനമില്ല. കഴിവുള്ളവര്‍ ചെയ്യട്ടെ എന്ന് കരുതും. ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമായിരിക്കും.

ഞാനില്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന ചിന്ത ഒഴിവാക്കുന്നത് നല്ലതാണ്; പ്രത്യേകിച്ച് രോഗാതുരമായ ഈ കാലത്ത്. എന്റെ അച്ഛന് 64 വയസ്സായി. അച്ഛന്‍ ഇക്കാലമത്രയും ജനിച്ചു ജീവിച്ച നാട്ടില്‍ പലരോടും ദീപയുടെ അച്ഛനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. അതില്‍ അച്ഛന്‍ സന്തോഷിക്കുന്നതാണ് ഞാന്‍ കാണാറ്. അച്ഛന്‍ ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തകനോ, ഒരുപാട് പ്രസംഗിക്കുകയോ ചെയ്യുന്ന ഒരാളല്ല.

എന്നാല്‍, ഈയടുത്ത ദിവസം എനിക്ക് ഒരു അനുഭവം ഉണ്ടായി. വളരെയധികം വായിക്കുകയും ചിന്തിക്കുകയും പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്ന ഒരാളെ ഞാന്‍ എന്റെ മോള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ മകള്‍ എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ മോളോട് അവളുടെ പേര് പറഞ്ഞ് ആ ആന്റിയുടെ അച്ഛനാണ് എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മകളായ എന്റെ സുഹൃത്തിനെ എന്റെ മോള്‍ക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് ഞാന്‍ അങ്ങനെ പരിചയപ്പെടുത്തിയത്. എന്നാല്‍ അയാളെന്നോട് ചാടുകയായിരുന്നു. എന്നെക്കുറിച്ച് കുട്ടിക്ക് ഒന്നും അറിയാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞു.

ഞാന്‍ അകമേ ചിരിച്ചു; ഇങ്ങനെയാണെങ്കില്‍ ഇവിടുത്തെ സ്ത്രീകള്‍ എത്രമാത്രം, ഏത് ഉയരത്തില്‍ ചാടണമെന്നോര്‍ത്ത്! കഴിഞ്ഞ ദിവസത്തെ മാതൃഭൂമി പത്രത്തിലെ ചരമകോളത്തില്‍ അറിയപ്പെടുന്ന ഒരു SSA പ്രോഗ്രാം ഓഫീസര്‍ മരിച്ചിട്ട് വന്ന വാര്‍ത്ത, ഇന്ന ആളുടെ ഭാര്യ അന്തരിച്ചു എന്നാണ്. അവസാനം കൊടുത്തിരിക്കുന്നു SSA പ്രോഗ്രാം ഓഫീസര്‍ ആയിരുന്നു എന്ന്. അങ്ങനെയെന്തെല്ലാം… എന്തെല്ലാം! അകത്ത് ആര്‍ക്കും പുരോഗമനമൊന്നും നടന്നിട്ടില്ല. പുരോഗമനനാട്യക്കാര്‍ ആണ് മിക്ക ആളുകളും. ഇത്തരത്തിലുള്ളവരാണ് പ്രശ്‌നക്കാര്‍. ഇവര്‍ അധികാരത്തിന്റെ ലഹരിയറിയാവുന്നവരാണ്.

സംവരണത്തെ അവര്‍ ഭയപ്പെടുകയാണ് ചെയ്യുന്നത്. അണികളായി മാത്രമേ അവര്‍ക്ക് സ്ത്രീകളെ ആവശ്യമുള്ളൂ. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, പരിചയസമ്പന്നരായ വ്യക്തിത്വമുള്ള, ചിന്തയുള്ള, ശബ്ദമുള്ള സ്ത്രീകളെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒഴിവാക്കുന്നത്

4. രാഷ്ട്രീയ സംഘടനയില്‍ / തൊഴിലിടത്തില്‍ ഒരു സ്ത്രീയുടെ അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ സംഘടനക്കകത്ത് / തൊഴിലിടത്തില്‍ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങള്‍ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയില്‍/ തൊഴിലിടത്തില്‍ ഉണ്ടോ? 

കുടുംബത്തിനകത്ത് രസമുള്ള പല കാഴ്ചകളും കാണാറുണ്ട്. തീരുമാനങ്ങളെടുക്കുന്നതും സാമ്പത്തികം കൈകാര്യം ചെയ്യുന്നതുമൊക്കെ സ്ത്രീകളായിരിക്കും. ‘എല്ലാം ഏട്ടന്റെ ഇഷ്ടം’ എന്ന് പറഞ്ഞ് പ്രത്യക്ഷത്തില്‍ അവര്‍ രണ്ടാംപൗരയെപ്പോലെ അടങ്ങിയൊതുങ്ങി നില്‍ക്കും. അവര്‍ ‘നല്ല പെണ്ണുങ്ങള്‍’ ആയി ജീവിച്ചുമരിക്കാന്‍ മാത്രം ആഗ്രഹിക്കുന്നവരാണ്. ജീവിതകാലം മുഴുവന്‍ അവര്‍ അത് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ്. ഇവിടെ നടക്കുന്നതും പിന്‍സീറ്റ് ഡ്രൈവിങ് തന്നെയാണ്. ഇതും പാടില്ലാത്തതാണ്.

അപരത്വമില്ലാതെ, തനിക്ക് തോന്നിയത് പറയാന്‍ കഴിയുന്ന ഒരിടമാവണം കുടുംബം എന്നാണ് എന്റെ സങ്കല്പം. അങ്ങനെ open ആയ കുടുംബങ്ങള്‍ക്കേ ഇനി നിലനില്‍പ്പിന് സാധ്യതയുള്ളൂ. തീരുമാനങ്ങള്‍ എടുക്കുന്നതിനും സാമ്പത്തികം കൈകാര്യം ചെയ്യാനുമൊക്കെ പുരുഷനെപ്പോലെത്തന്നെ സ്ത്രീകള്‍ക്കും കഴിയും.

വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ആവിഷ്‌കാരം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. എന്നാല്‍ കുടുംബത്തെ ഓര്‍ത്ത് അവരുടെ നെഞ്ച് സദാ മിടിച്ചുകൊണ്ടിരിക്കും. എന്റെ ഒരു ഡിവോഴ്‌സി ആയ സുഹൃത്ത് ഈയിടെ പറഞ്ഞ ഒരു കാര്യം ഞാന്‍ ഇവിടെ ഓര്‍മിക്കുന്നു: ഡിവോഴ്‌സ് കഴിഞ്ഞിട്ട് വര്‍ഷം മൂന്നായി. വീട്ടില്‍ ഒറ്റയ്ക്കാണ്. എന്നാലും, ചില പരിപാടികളിലോ മീറ്റിംഗുകളിലോ ഒക്കെയിരിക്കുമ്പോള്‍ വൈകുന്നേരമായാല്‍ നെഞ്ചിടിപ്പ് ഇപ്പോഴും പടപടാന്ന് കൂടുമെന്ന്. 

വൈകി ചെല്ലേണ്ടിവന്ന ദിവസങ്ങളിലെ അവരുടെ ഓര്‍മയാണത്. പറിച്ചെടുത്താല്‍ പോകാത്ത അത്ര ആഴത്തില്‍ അത് പതിഞ്ഞുകിടപ്പുണ്ട്. കുടുംബം അവളുടെ സ്വാഭാവികമായ സര്‍ഗാത്മകതയെ എത്ര ബാധിക്കുന്നുവെന്ന് ഇനി കൂടുതല്‍ പറയേണ്ടില്ലെന്ന് തോന്നുന്നു.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങള്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ വളരെ ഉയര്‍ന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവര്‍ത്തന മണ്ഡലത്തേയും നിര്‍വചിക്കാന്‍ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങള്‍ക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നില്‍ക്കുന്നു എന്നാണ് കരുതുന്നത്?

സ്ത്രീയുടെ പ്രവര്‍ത്തനമണ്ഡലങ്ങളെ നിര്‍വചിക്കുമ്പോള്‍, അവളുടെ കുടുംബത്തിലേക്കാണ് ആദ്യ എത്തിനോട്ടം. ആരുടെ മകളാണ്, ആരുടെ ഭാര്യയാണ് എന്നൊക്കെ അറിയണം. സ്ത്രീ എഴുതിയ ഒരു പുസ്തകം കൈയ്യില്‍ കിട്ടിയാല്‍ അവരുടെ ഫോട്ടോയും ബയോഡാറ്റയുമാണ് മിക്കവരും ആദ്യം നോക്കുക. അതിനുശേഷംമാത്രമേ അവളുടെ എഴുത്ത് പരിഗണിക്കപ്പെടുന്നുള്ളൂ.

സ്ത്രീ സംവരണം ഉണ്ടായേ പറ്റൂ. പക്ഷേ ഒരു സംവരണത്തിന്റെയും ആനുകൂല്യമില്ലാതെതന്നെ സ്ത്രീകള്‍ സ്വാഭാവികമായി അധികാരകേന്ദ്രങ്ങളിലെത്തുകയും നാടിന്റെ വ്യവഹാരങ്ങളില്‍ സജീവമാകുകയും ചെയ്യുന്ന ഒരു കാലം വരണം. കുടുംബം, വിദ്യാലയം, സമൂഹസ്ഥാപനങ്ങള്‍… എല്ലാം മാറേണ്ടതുണ്ട്. പുരുഷനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സ്ത്രീശാക്തീകരണം ഇനി ആവശ്യമില്ല. നമ്മുടെ സാമൂഹ്യസ്ഥാപനങ്ങളിലെ സങ്കുചിത ഇടങ്ങളെ വിശാലമാക്കാനുതകുന്ന ചിന്താപദ്ധതികളാണ് ഇനി ഉണ്ടാവേണ്ടത്. വിദ്യാഭ്യാസത്തിലൂടെ ഈഗോയെ കഴുകിക്കളയുമ്പോള്‍ മാത്രമേ അധികാരം വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ സ്ത്രീയ്ക്കായാലും പുരുഷനായാലും കഴിയുകയുള്ളൂ.