Skip to content Skip to footer

ആദ്യ പകപ്പൊന്നു മാറിയപ്പോള്‍ ഞങ്ങള്‍ പുസ്തകക്കെട്ടഴിച്ചു, കോവിഡ്​ കാലമേ; നന്ദി … ദീപ പി.എം (അവലംബം : ട്രൂ കോപ്പി തിങ്ക് )

2020 മാര്‍ച്ച് രണ്ടാം വാരത്തില്‍, ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പുസ്തകമേളക്ക് പോകാന്‍ ഒരുക്കം പൂര്‍ത്തിയായി. പത്തനംതിട്ടയിലേക്ക് അയക്കുന്നതിന് പുസ്തകങ്ങള്‍ വലിയ പെട്ടികളിലാക്കി. ട്രെയിന്‍ടിക്കറ്റ് ബുക്ക് ചെയ്തു. ഏതാണ്ട് മൂന്നുമാസം തുടര്‍ച്ചയായ പുസ്തക യാത്രയാണ്. ജൂണ്‍ പകുതിവരെ തിരക്ക് തന്നെ. ഓഫീസിലും വീട്ടിലും അത്യാവശ്യം വേണ്ടതെല്ലാം ചെയ്തുതീര്‍ത്തു.

കയ്യില്‍ വലിയ പൈസ ആവശ്യമില്ല. ഇക്കൊല്ലം സര്‍ക്കാര്‍ നേരത്തേ ഗ്രാന്‍ഡ് അനുവദിച്ചതിനാല്‍, മേള തുടങ്ങിയാല്‍ കാശ് കയ്യില്‍ വരുമല്ലോ… ഇങ്ങനെയൊക്കെയുള്ള ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് കേരളം ലോക്ക്ഡൗണിലാകുന്നത്. ആദ്യം ഈ വൈറസ് കടന്നാക്രമിച്ചത് പത്തനംതിട്ട ജില്ലയെത്തന്നെയായിരുന്നു. പകര്‍ച്ചവ്യാധിയാണ്; പുസ്തകമേള മാറ്റിയേപറ്റൂ. വിവരമറിഞ്ഞപ്പോള്‍ ആദ്യം പകച്ചെങ്കിലും ഒന്നോ രണ്ടോ ആഴ്ചത്തെ കാര്യമല്ലേ, എല്ലാം പെട്ടെന്ന് ശരിയാകും, പിന്നെയെല്ലാം മുറപോലെ നടക്കും എന്ന് സ്വയം സമാധാനിച്ചു

പക്ഷേ, വൈറസ് ദിവസങ്ങള്‍ കൊണ്ട് കേരളമാകെ പടര്‍ന്നുപരന്നു. കേട്ടുകേള്‍വിപോലുമില്ലാത്ത ഒരുതരം അനിശ്ചിതത്വത്തിലേക്ക് ലോകം മുഴുവന്‍ ചെന്നെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഓരോ വ്യക്തിയും ഓരോ ചെറുതുരുത്തുകളില്‍ അകപ്പെട്ടുപോയ പോലെ. ഒരടി മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ.

കുറച്ചുവര്‍ഷമായി, കോഴിക്കോട് ആസ്ഥാനമായി ഐ ബുക്‌സ് എന്ന പേരില്‍ ഒരു പ്രസാധകസംരംഭവുമായുള്ള യാത്രയിലാണ് ഞങ്ങള്‍. പുസ്തകങ്ങളോടും എഴുത്തിനോടും വായനയോടുമുള്ള അടങ്ങാത്ത ഇഷ്ടമാണ് ഞങ്ങളെ പുസ്തകപ്രസാധകരാക്കിയത്. പല മേഖലകളിലൂടെ ഒഴുകിയാണ് ഞങ്ങള്‍ ഈ തൊഴിലിടത്തില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് നടന്നുതീര്‍ത്ത വഴികളിലെ സ്‌നേഹപ്പെരുക്കങ്ങള്‍ തന്നെയാണ്.

വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍, ആത്മസത്തയെ നവീകരിച്ച സിനിമകള്‍, ഉള്ളുണര്‍ത്തിയ പ്രഭാഷണങ്ങള്‍, സൗഹൃദക്കൂട്ടായ്മകള്‍, ആഴത്തില്‍ സ്വാധീനിച്ച് നമ്മളെത്തന്നെ മാറ്റിമറിച്ച ചില വ്യക്തിത്വങ്ങള്‍… ഇത് മാത്രമായിരുന്നു ഐ ബുക്‌സ് എന്ന പ്രൊജക്ട് നടപ്പിലാക്കുമ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന നീക്കിയിരിപ്പുകള്‍.

തുടക്കത്തില്‍, പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തിന്റെ തലക്കെട്ടും കവര്‍ചിത്രവും ഉള്‍പേജുകളുമൊക്കെയായിരുന്നു സ്വപ്നങ്ങളില്‍ പോലും. ഇങ്ങനെ കുറെ പുസ്തകങ്ങള്‍ യാഥാര്‍ത്ഥ്യം ആയപ്പോഴാണ് മൂലധനം ഒരു വെല്ലുവിളിയായി മാറിയത്. 

വായനക്കാര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച അഞ്ച് ടൈറ്റിലുകളുമായി ഞങ്ങള്‍ മലയാളക്കരയാകെ സഞ്ചരിച്ചു. കൈയ്യിലെടുത്തുപോയ പുസ്തകങ്ങളെല്ലാം വിറ്റുതീര്‍ന്ന് തിരിച്ചുവരുമ്പോള്‍ ട്രെയിനിലും ബസിലുമൊക്കെയിരുന്ന് ഞങ്ങള്‍ അടുത്തതായി ഇറക്കുന്ന പുസ്തകം മനസില്‍ Layout ചെയ്തു. പ്രസാധകക്കുറിപ്പുകളെഴുതി. ന്യൂസ്പ്രിന്റില്‍ ‘ഡമ്മി’ ഉണ്ടാക്കി. അത്രക്ക് ആവേശത്തോടും സൂക്ഷ്മതയോടും കൂടിയാണ് ഞങ്ങള്‍ ഓരോ പുസ്തകത്തെയും സമീപിച്ചത്. ഇന്ന് സമാന്തരപ്രസാധക രംഗത്ത് ഐ ബുക്‌സി ന് ഒരു Identity ഉണ്ട്. ആരോടും മത്സരിക്കാതെതന്നെ ഞങ്ങളുടേതായ ഒരിടം ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

കേരളത്തിന്റെ നവോത്ഥാനചരിത്രമെന്നു പറയുന്നത് കേരളത്തിലെ ഗ്രന്ഥശാലകളുടെ ചരിത്രം കൂടിയാണല്ലോ. മറ്റൊരിടത്തുമില്ലാത്ത രീതിയില്‍ കേരളത്തില്‍ ഗവണ്‍മെന്റ് എല്ലാ വര്‍ഷവും ഒരു വലിയ തുക വായനശാലകള്‍ക്കായി നീക്കിവെച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വിപുലമായ രീതിയില്‍ പുസ്തകശാലകളൊന്നുമില്ലാത്ത സമാന്തര പ്രസാധകര്‍ക്ക് ലൈബ്രറി കൗണ്‍സില്‍ പുസ്തകമേള വലിയ പ്രോത്സാഹനം തന്നെയാണ്. മലയാളത്തില്‍ മുഖ്യധാരാപ്രസാധകരോട് കിടപിടിക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ ഇറക്കാന്‍ അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലുള്ള പ്രസാധകര്‍ക്ക് കഴിയുന്നുമുണ്ട്. 

എത്ര ദിവസം ഇങ്ങനെ കെട്ടിവെച്ച പുസ്തകങ്ങള്‍ക്കിടയില്‍ നിശ്ചലമായി ഇരിക്കാന്‍ കഴിയും? കെട്ടഴിക്കാതെ കിടന്ന പുതിയ പുസ്തകങ്ങള്‍ക്കിടയില്‍ ജീവിതം വഴിമുട്ടി എന്ന തോന്നലുണ്ടായി. ആദ്യത്തെ പകപ്പൊന്ന്  മാറിയപ്പോള്‍ ഏതുതരത്തിലും ഈ അവസ്ഥ മറികടക്കുമെന്ന ചിന്ത പല വഴികളിലൂടെ സഞ്ചരിച്ചു.

പതുക്കെ പുസ്തകക്കെട്ടുകള്‍ അഴിച്ചുതുടങ്ങി. ഏതവസ്ഥയിലും ഞങ്ങളോടൊപ്പം നില്‍ക്കുന്ന കുറെ സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് കാറ്റലോഗ് അയച്ചു കൊടുത്തു; അവര്‍ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ അയച്ചുകൊടുത്തു. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ഒരിക്കലും അവരുടെ സാമ്പത്തികാവസ്ഥ ഒരു മാനദണ്ഡം ആയിരുന്നില്ല. എങ്കിലും ആദ്യമായി ഞങ്ങള്‍ സുഹൃത്തുക്കളുടെ ലിസ്റ്റില്‍ നിന്ന് ഒരുവിധം സാമ്പത്തിക ഭദ്രതയുള്ളവരെ sort ചെയ്തു. അതില്‍ പുസ്തകത്തെ സ്‌നേഹിക്കുന്നവരെ വീണ്ടും ലിസ്റ്റ് ചെയ്ത് പുസ്തകം അയച്ചു. പോസ്റ്റ്മാനിലൂടെ പുസ്തകത്തിന്റെ പണം ഞങ്ങളിലേക്ക് തിരിച്ചെത്തി. ജീവിതത്തില്‍ ഈ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. 

കോവിഡിന്റെ ആദ്യഘട്ടം കഴിഞ്ഞു. ഒന്നും പഴയതുപോലെ ആയില്ല.  ഒരിക്കല്‍ പുസ്തകം വാങ്ങിയവരെ വീണ്ടും സമീപിക്കാന്‍ കഴിയില്ലല്ലോ. മികച്ച രീതിയില്‍ പുസ്തകം ഉണ്ടാക്കല്‍ മാത്രമാണ് പ്രസാധനം എന്ന് വിശ്വസിച്ചിരുന്ന ഞങ്ങളുടെ ധാരണ അതിജീവനത്തിന്റെ ഈ രണ്ടാംഘട്ടത്തില്‍ തിരുത്തപ്പെട്ടു. ആരോഗ്യപരമായ ഒരു മാര്‍ക്കറ്റിങ് സംവിധാനവും ഇതിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണെന്ന് ഞങ്ങള്‍ ആഴത്തില്‍ മനസിലാക്കി. വലിയ ഒറ്റപ്പെടലിന്റെ വക്കില്‍നിന്നുകൊണ്ട് പലരും പല പുസ്തകങ്ങളും തേടി വായിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വായനക്കുറിപ്പുകളില്‍ ഐ ബുക്‌സിന്റെ പുസ്തകാനുഭവങ്ങളുമുണ്ടെന്ന് വന്നപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു.

‘ഈ പുസ്തകം എവിടെ കിട്ടും’ എന്ന ചോദ്യം പലരില്‍നിന്നും തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. നമ്മള്‍ അറിയാത്ത, നമ്മളെ അറിയാത്ത ചിലര്‍ പുസ്തകങ്ങളെക്കുറിച്ച് വാചാലമായി സംസാരിച്ചു. ‘വെര്‍ച്വലാ’യതെല്ലാം  വെറും ഉപരിപ്ലവം മാത്രമാണെന്ന തോന്നലിന് പതുക്കെ മാറ്റം വന്നുതുടങ്ങി. 

ഒരു സ്ഥാപനമെന്ന നിലയില്‍, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചിട്ടയോടെ പ്രവര്‍ത്തിക്കാനും വളര്‍ച്ചയുടെ ഒരു ഘട്ടം പിന്നിടാനും കോവിഡ്കാലം ഐ ബുക്‌സിനെ സഹായിച്ചിട്ടുണ്ട്. ഒരു പുസ്തകം ഇറക്കുമ്പോള്‍ ഐ ബുക്‌സിനെ സ്‌നേഹിക്കുന്ന ചിലര്‍, ആ പുസ്തകത്തിന്റെ Author ന്റെ കൂടെ നില്‍ക്കുന്ന ചിലര്‍, ആ പുസ്തകം ഉള്‍ക്കൊള്ളുന്ന പ്രത്യേകമേഖലയില്‍ ഗവേഷണം നടത്തുന്ന ചിലര്‍… ഇവരെയൊക്കെയായിരുന്നു ഞങ്ങള്‍ മുമ്പില്‍ കണ്ടിരുന്നത്. എന്നാല്‍ നമ്മള്‍ പ്രസിദ്ധീകരിക്കുന്ന ഓരോ പുസ്തകവും അതിവിശാലമായ ഒരു പ്ലാറ്റ്‌ഫോമിനെയാണ് അഡ്രസ്സ് ചെയ്യുന്നതെന്നും ഇത് ഒരു കാലത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അതുകൊണ്ടുതന്നെ ഒരു വലിയ ദൗത്യമാണിതെന്നും ഇന്ന് ഞങ്ങള്‍ കൂടുതലായി തിരിച്ചറിയുന്നു. 

കോവിഡ് തുടരുകയാണ്. സമ്പന്നരും ദരിദ്രരും ഒരുപോലെ തളയ്ക്കപ്പെട്ടിരിക്കുന്നു. കോടികള്‍ക്ക് വിലയില്ലാതായി. മനുഷ്യവംശം നിസ്സഹായരും നിസ്സംഗരുമായി. അമ്പലങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ദൈവം ഇറങ്ങിയോടി. മനുഷ്യന്‍ തന്നിലേക്കുതന്നെ ചുരുങ്ങി, തന്നെത്തന്നെ വിചാരണ ചെയ്യാന്‍ തുടങ്ങി.

പൊങ്ങച്ചത്തിന്റെയും ധാരാളിത്തത്തിന്റെയും പുളപ്പുകളില്‍നിന്ന് ജൈവപരവും ഉണ്‍മാപരവുമായ വിനിമയത്തിന്റെ ധ്യാനാത്മകമായ സാധ്യതകള്‍ തുറന്നുതന്ന ഈ കോവിഡ് കാലവും നമ്മള്‍ നന്ദിയോടെ സ്മരിക്കുന്ന ഒരു ദിവസം വന്നെത്തുക തന്നെ ചെയ്യും.