നവോത്ഥാന കേരളം ഒരു സങ്കല്പമായിരുന്നോ ? ഗാന്ധിസവും, മാക്‌സിസം – ലെനിനിസവും മറ്റ് നവീന ആശയ പദ്ധതികളും മലയാളിയെ എത്രമാത്രം നവീകരിച്ചിട്ടുണ്ട്; അല്ലെങ്കില്‍ അത് നമ്മുടെ ജീവിത പ്രത്യയശാസ്ത്രത്തില്‍ എങ്ങനെയൊക്കെ സ്വാധീനം ചെലുത്തി. പ്രാകൃതന്റെ വികാരാവേഗങ്ങളില്‍ നി്ന്ന് സംസ്‌ക്കാരത്തിന്റെ ഇടനാഴികകളിലെ പുതുമനുഷ്യന്‍ എത്രത്തേളം മാനവീകരിക്കപ്പെട്ടിട്ടുണ്ട്. സുഖഭോഗങ്ങള്‍ക്ക് പിന്നാലെ കുതിക്കുന്ന മനുഷ്യന്റെ ആന്തരീകതയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രകൃതി വാസനകള്‍ക്കപ്പുറം മനുഷ്യനാല്‍ നിര്‍മ്മിതമായ ആശയസംഹിതകള്‍ക്ക് എന്ത് സ്വാധീനമാണ് ചെലുത്താന്‍ കഴിഞ്ഞത്.
ഉപജീവനത്തിനായി ഹിംസ നടത്തിയ പ്രാകൃതനില്‍ നിന്ന് കൊച്ചുകൊച്ചു നേട്ടങ്ങള്‍ക്കും ആത്മസംതൃപ്തിക്കുംവേണ്ടി സഹജീവിയെ കൊല്ലുന്ന ഇന്നത്തെ ഹിംസാത്മക സമൂഹം നമ്മളെ മനുഷ്യസത്തയെക്കുറിച്ചുള്ള ദുഃസന്ദേഹങ്ങളിലെത്തിക്കുന്നുണ്ട്. ഇതിനൊക്കെയുള്ള ഉത്തരവുമായി നരവംശശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഭാവി തലമുറയിലേക്ക് പ്രവേശിക്കേണ്ടതുണ്ട്; നമ്മുടെ പാഠ്യപദ്ധതികള്‍ മനുഷ്യസത്തയെക്കുറിച്ചുള്ള ആലോചനകളാല്‍ സംവാദാത്മകമാകേണ്ടതുണ്ട്. കച്ചവട സംസ്‌കൃതിയുടെ ഉപോല്‍പ്പന്നമായ അധമവികാരത്തെ അതിജീവിക്കാന്‍ ഇത്തരത്തില്‍ നമ്മുടെ കുട്ടികളെ ഒരുക്കുന്നില്ലെങ്കില്‍ ചിരിക്കുന്ന മനുഷ്യന് പകരം ധ്രംഷ്ടയുള്ള മൃഗമായി അവന്‍ അധഃപതിക്കും.
ഇത്തരത്തിലുള്ള സന്ദേഹങ്ങളുമായാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ചകിരിച്ചേറിന്റെ മണവും അധ്വാനത്തിന്റെ കൈത്തഴമ്പും കൊണ്ട് ആധുനികോത്തര മലയാളകഥയെ ജൈവപരിസരത്ത് ഉറപ്പിച്ചുനിറുത്തിയ അശോകന്‍ ചരുവില്‍ എന്റെകൂടെയുണ്ട്. നവേത്ഥാനമുന്നേറ്റത്തിന്റെയും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും സമരോര്‍ജ്ജം ഉള്‍ക്കൊണ്ട് മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ഈ കഥാകൃത്തിന് അട്ടിമറിക്കപ്പെട്ട നമ്മുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കാനുണ്ട്; ഉല്‍കണ്ഠകള്‍ പങ്കുവെക്കാനുമുണ്ട്.
1.’നിനക്കിപ്പോഴും ഒരു കാര്യം മനസ്സിലായിട്ടില്ല. നിന്റെ അച്ഛന്റെ സുഖവിവരം അറിയാന്‍ നമുക്കുള്ളതു പോലെ ആഗ്രഹം ഈ നാട്ടിലെ എല്ലാവര്‍ക്കുമുണ്ട്’ (കഥകളിലെ വീട്- അശോകന്‍ ചരുവില്‍) കഥകളിലെ വീട് എന്ന ലേഖന സമാഹാരത്തിലെ അനുഭവക്കുറിപ്പ് നല്‍കുന്ന സൂചനയില്‍ നിന്നു ചോദിക്കട്ടെ താങ്കളുടെ വ്യക്തിസ്വത്വത്തേയും സര്‍ഗാത്മക ഇടപെടലുകളേയും രാഷ്ടീയോന്മുഖമാക്കുന്നതില്‍ ജനിച്ചു വളര്‍ന്ന വീടും ദേശവും എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്?
എന്റെ അച്ഛന്‍ സി.എ.രാജന്‍മാസ്റ്റര്‍ ഇരിങ്ങാലക്കുട പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ചെത്തു തൊഴിലാളികളെയാണ് പ്രധാനമായും സംഘടിപ്പിച്ചിരുന്നത്. അന്ന് അന്തിക്കാട് സമരമൊക്കെ നടക്കുന്ന കാലമാണ്. അതുകൊണ്ട് തൊഴിലാളികള്‍ക്ക് യൂണിയനില്‍ ചേരാന്‍ ഭയമായിരുന്നു. അവര്‍ അച്ഛനെ കാണാതെ ഒളിച്ചു നടക്കും. ചെത്തുന്ന തെങ്ങിന്റെ ചുവട്ടില്‍ കാത്തു നിന്നാണ് അവരോട് സംസാരിച്ചിരുന്നത്. ഏതാണ്ട് നാല്പതുകളുടെ പകുതിയില്‍ ആരംഭിച്ച രാഷ്ട്രീയപ്രവര്‍ത്തനം അറുപതുകളുടെ അവസാനം അദ്ദേഹം നിറുത്തി. പാര്‍ക്കിന്‍സണ്‍ രോഗത്തിന് ചികിത്സക്കായി അദ്ദേഹം മദ്രാസ് ജനറല്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ വീട്ടിലേക്ക് കത്തുകളയക്കും. ആ കത്ത് വായിച്ചു കേള്‍ക്കാന്‍ വേണ്ടി നാട്ടുകാര്‍ കൂടെക്കൂടെ വരും. കത്തു വായിക്കേണ്ട ചുമതല എനിക്കായിരുന്നു. ഒരു കത്ത് തന്നെ പലവട്ടം ആവര്‍ത്തിച്ചു വായിക്കേണ്ടി വന്നപ്പോള്‍ എനിക്കു ദേഷ്യം വന്നു. അപ്പോള്‍ എന്റെ അമ്മമ്മ പറഞ്ഞ വാചകമാണ് താങ്കള്‍ ഇപ്പോള്‍ ഉദ്ധരിച്ചത്.
രാഷ്ടീയ പ്രവര്‍ത്തകരുടെ ഒരു വീട്ടിലാണ് ഞാന്‍ ജനിച്ചത്. നവോത്ഥാനത്തിന്റെ വെളിച്ചം ഉള്‍ക്കൊണ്ട് സമൂഹത്തിലേക്കിറങ്ങിയവരായിരുന്നു വീട്ടിലെ മുതിര്‍ന്ന പുരുഷന്മാരെല്ലാം. എസ്.എന്‍.ഡി.പി.യിലൂടെയാണ് മിക്കവരുടേയും തുടക്കം. എന്റെ അച്ഛന്റെ ചെറിയച്ഛന്‍ സി.കെ.കൃഷ്ണന്‍ മാസ്റ്റര്‍ കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കാട്ടൂരിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടാണ്. ‘കേരളസജ്ഞയന്‍’ എന്ന ഒരു മാസിക അദ്ദേഹം നടത്തിയിരുന്നു.
അമ്മയുടെ വീട് ഇരിങ്ങാലക്കുടക്ക് അടുത്തുള്ള പൊറത്തിശ്ശേരി എന്ന ഗ്രാമത്തിലാണ്. ആ വീട്ടിലാണ് ഞാന്‍ ജനിച്ചത്. ആ വീടും പരിസരവും എന്റെ പല കഥകളിലും സ്മരണകളിലും വന്നിട്ടുണ്ട്. അമ്മയുടെ അച്ഛനും രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. വടക്കൂട്ട് ആരോമലുണ്ണി. പട്ടാള സേവനത്തിനു ശേഷം നാട്ടിലെത്തിയ അദ്ദേഹം എം.സി.ജോസഫ് വക്കീലിന്റെ യുക്തിവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. പിന്നെ കമ്യൂണിസ്റ്റു പാര്‍ടിയിലേക്കു വന്നു. അദ്ദേഹത്തിന്റെ വീട് അന്ന് കമ്യൂണിസ്റ്റു പാര്‍ടിയുടെ കൊച്ചിയിലെ പ്രധാന ഒളിത്താവളമായിരുന്നു. നാല്പത്തെട്ടിലെ കല്‍ക്കത്താ തിസീസിന്റെ കാലത്ത് ചാലക്കുടിക്കടുത്ത് പരിയാരത്ത് ഒരു കര്‍ഷക സമരത്തിനിടക്ക് ശങ്കുണ്ണി എന്നു പേരായ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടിരുന്നു. ആ കേസിലെ ഒട്ടുമിക്ക പ്രതികളും ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
ഇ.എം.എസും അച്ചുതമേനോനും പി.ഗംഗാധരനും ഇ.ഗോപാലകൃഷ്ണമേനോനുമൊക്കെ പല കാലങ്ങളിലായി അവിടെ ഉണ്ടായിരുന്നു. അന്ന് ചെറിയ കുട്ടിയായിരുന്ന എന്റെ അമ്മക്ക് ഇവരെക്കുറിച്ചെല്ലാം നല്ല ഓര്‍മ്മകളുണ്ട്. ചന്ദ്രമോഹന എന്നാണ് അമ്മയുടെ പേര്. അമ്മയുടെ അച്ഛനെ അക്കാലത്ത് പോലീസ് അറസ്റ്റു ചെയ്യുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. വളരെ അവശനായിട്ടാണ് അദ്ദേഹം അവസാനകാലം കഴിച്ചു കൂട്ടിയത്.
2. കുടുംബ പശ്ചാത്തലം ചെറുപ്പത്തിലെ താങ്കളേയും വായനയില്‍ എത്തിച്ചിട്ടുണ്ടാവുമല്ലോ?
തീര്‍ച്ചയായും. അന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം മികച്ച വായനക്കാരായിരുന്നു. സാമ്പത്തികമായ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പത്രവും മാസികകളുമൊക്കെ വീട്ടില്‍ വരുത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പും പത്രവും പിന്നെ ദേശാഭിമാനി പത്രവും കണ്ണു തുറന്ന കാലം മുതലേ ഞാന്‍ കാണുന്നുണ്ട്. അച്ഛന്റെ കയ്യില്‍ നല്ലൊരു പുസ്തകശേഖരം ഉണ്ടായിരുന്നു. അമ്മയുടെ അച്ഛന്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ വലിയ ആരാധകനായിരുന്നു. നെഹ്‌റുവിന്റെ എല്ലാ പുസ്തകങ്ങളുടേയും മലയാള പരിഭാഷകള്‍ അന്നവിടെ ഉണ്ടായിരുന്നു. ‘ഇന്ത്യയെ കണ്ടെത്തല്‍’ പോലുള്ള ബ്രഹദ് ഗ്രന്ഥങ്ങള്‍ തപ്പിപ്പിടിച്ചു വായിക്കാന്‍ ശ്രമിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. എന്റെ അച്ഛനടക്കം ഇടതുപക്ഷക്കാരായ അന്നത്തെ കുറെ യൂവാക്കള്‍ ചേര്‍ന്നു ആരംഭിച്ച കാറളം സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അവിടത്തെ അദ്ധ്യാപകരെല്ലാം നല്ല വായനക്കാരായിരുന്നു. ഹെഡ്മാസ്റ്റര്‍ കെ.വി.പൈലിമാഷ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ക്ലാസില്‍ കൊണ്ടുവരും. കഥകളെക്കുറിച്ചും നോവലിനെക്കുറിച്ചുമെല്ലാം പറയും.
3. താങ്കളുടെ നാട്ടിലും കമ്യൂണിസ്റ്റു പാര്‍ടിയുടെ സജീവ പ്രവര്‍ത്തനം നടന്നിരുന്നുവല്ലോ. പറഞ്ഞ കേട്ടും നേരില്‍ കണ്ടും പാര്‍ടിയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍?
അറുപതുകളുടെ ആദ്യ പകുതിയിലാണ് എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്. അന്നു കമ്യൂണിസ്റ്റു പാര്‍ടിയുടെ പിളര്‍പ്പിന്റെ കാലമാണ്. അതിന്റെ സംഘര്‍ഷങ്ങള്‍ എന്റെ വീട്ടിലും അലയടിച്ചു. എന്തോ ഒരു വലിയ ദുരന്തം നടക്കുന്ന പോലെയാണ് വീട്ടിലുള്ളവര്‍ അതിനെ നോക്കിക്കണ്ടത്. അതുവരെ നിത്യ സന്ദര്‍ശകരായിരുന്ന സുഹൃത്തുക്കള്‍ പലരും വരാതായി. സ്‌നേഹബന്ധങ്ങള്‍ പലതും ശിഥിലമായി. സാധാരണക്കാരായ തൊഴിലാളികള്‍ പാര്‍ടിയെ പിളര്‍ത്തിയതിന്റെ പേരില്‍ നേതാക്കളെ ആക്ഷേപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നേതാക്കളും വലിയ ആത്മ സംഘര്‍ഷത്തിലായിരുന്നു. താമസിയാതെ ഇരുപാര്‍ടികളും യോജിക്കും എന്നൊരു പ്രതീക്ഷ അക്കാലത്തുണ്ടായിരുന്നു.
പിളര്‍പ്പിനെത്തുടര്‍ന്ന് എന്റെ അച്ഛന്‍ സി.പി.എം. പക്ഷത്താണ് നിന്നത്. അമ്മയുടെ അച്ഛന് സി.പി.ഐ.യോടായിരുന്നു അനുഭാവം. പക്ഷേ മനംനൊന്ത് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചു. കൃഷിയും പൊലീസ് മര്‍ദ്ദനത്തിന്റെ ഭാഗമായി കിട്ടിയ പലതരം രോഗങ്ങളുമായി കഴിഞ്ഞു.
4. സ്വാഭാവികമായും താങ്കള്‍ക്ക് ചെറുപ്പം മുതലേ രാഷ്ട്രീയ പ്രവര്‍ത്തനത്തോട് ആഭിമുഖ്യമുണ്ടായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്തായിരുന്നു ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍?
നാട്ടിലെ ബാലസംഘത്തിലാണ് ഞാന്‍ തുടങ്ങിയത്. കാട്ടൂരിലെ ബാലസംഘം യൂണിറ്റിന്റെ പ്രസിഡണ്ടായിരുു. ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തിലാണ് എസ്.എഫ്.ഐ. രൂപീകരിക്കുത്. ഞാന്‍ പഠിക്കുന്ന കാറളം ഹൈസ്‌കൂളില്‍ അതിന്റെ യൂണിറ്റുണ്ടാക്കി. അന്നു നിരന്തരം സമരങ്ങളുടെ കാലമാണ്. നാട്ടില്‍ എന്തു സമരമുണ്ടായാലും അത് സ്‌കൂളിലും പ്രതിഫലിക്കും. മുദ്രാവാക്യമുണ്ടാക്കാനും പ്രസംഗിക്കാനുമൊക്കെ വേഗം പഠിച്ചു. കോളേജില്‍ പഠിക്കുമ്പോഴും എസ്.എഫ്.ഐ. പ്രവര്‍ത്തകനായി തുടര്‍ന്നു. വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ട് കോളേജ് വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ചു. അതുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനയില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അടിയന്തിരാവസ്ഥയെ തുടര്‍്ന്ന് സജീവമായ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തില്‍ ഞാന്‍ ആക്ടീവായി. കേരള സോഷിലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്നായിരുന്നു അത്തെ സംഘടനയുടെ പേര്. ഞാന്‍ അതിന്റെ കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. പിീട് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം. എണ്‍പത്തഞ്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നതുവരെ അതു തുടര്‍ന്നു.
5. എഴുപതുകളിലെ കമ്യൂണിസ്റ്റ് തീവ്രവാദത്തെ താങ്കള്‍ എങ്ങനെയാണ് ഉള്‍ക്കൊണ്ടത്?
ഇടതുപക്ഷ തീവ്രവാദം എന്റെ ജീവിതകാലത്ത് രണ്ടു ഘട്ടങ്ങളിലായാണ് കേരളത്തില്‍് പ്രധാനമായും ഉണ്ടായത്. ഒന്ന് അറുപതുകളുടെ അവസാനം സി.പി.ഐ.എം. പാര്‍ടിയില്‍ ഉണ്ടായ ഭിന്നിപ്പ്. കുന്നിക്കല്‍ നാരായണനും തലശ്ശേരി പുല്‍പ്പള്ളി അക്രമണങ്ങളും അന്നാണുണ്ടാകുന്നത്. രണ്ടാം ഘട്ടം എഴുപതുകളുടെ അവസാനം എണ്‍പതുകളിലുമാണുണ്ടായത്. ബുദ്ധിജീവികളുടെ ഉത്സാഹത്തിലാണ് ഇതുണ്ടാവുന്നത്. നമ്മുടെ കെ.വേണു അദ്ദേഹം തന്റെ ബുദ്ധിയും ജീവിതവും ഉപയോഗിച്ചു നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കാം. വേണുവിന്റെ ലാബട്ടറിയിലെ ഗിനിപ്പിഗ്ഗുകളായി തകര്‍ന്നടിഞ്ഞ ജന്മങ്ങളെ നാം ഓര്‍ക്കണം. എഴുപതുകളിലെ ഇടതു തീവ്രവാദം യഥാര്‍ത്ഥത്തില്‍ അന്നുണ്ടായിരുന്ന ആധുനിക സാഹിത്യം ഒന്നു ചുവന്നതിന്റെ ഫലമായുണ്ടായതാണ്. ‘ആധുനികതയുടെ ചുവന്നവാല്‍’ എന്ന് നരേന്ദ്രപ്രസാദ് അക്കാലത്തെ കവിതയെ വിലയിരുത്തിയല്ലോ. ഈ വിശേഷണം ആ പ്രസ്ഥാനത്തിനും ചേരും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായോ അതിലെ രാഷ്ട്രീയ ആശയ സമരങ്ങളുമായോ ഒന്നും ഇതിനു ബന്ധമില്ല. ആധുനികതയെ സൃഷ്ടിച്ച രാഷ്ട്രീയ ഭാവുകത്വം തെന്നയാണ് ഇതിന്റെയും പിന്നിലെ പ്രേരക ശക്തി. ജനകീയ സാംസ്‌കാരികവേദിയും മറ്റും ഇതിന്റെ പ്രതിഫലനമാണ്. ഇതൊന്നും അറിയാതെ കെ.എസ്.സദാശിവനേപ്പോലുള്ള പഴയ സഖാക്കള്‍ ഈ ബുദ്ധിജീവികളുടെ കൂടെ കുറേ നടന്നു വശംകെട്ടു എന്നതു വാസ്തവമാണ്. ഇരിങ്ങാലക്കുട നടവരമ്പിലെ ഒരു കേസില്‍ സച്ചിദാനന്ദനേയും സദാശിവനേയും ഒന്നിച്ചാണ് അറസ്റ്റു ചെയ്യുന്നത്. ഇവര്‍ തമ്മില്‍ ലോക്കപ്പില്‍ വെച്ച് ഏതു ഭാഷയിലാണ് സംസാരിക്കുക എന്ന് ഞാന്‍ കുറേ ആലോചിച്ചിരുന്നു.
ഇടതു തീവ്രവാദത്തിന്റെ രണ്ടാംഘട്ടം എന്റെ യൗവ്വനാരംഭ കാലത്താണുണ്ടാവുന്നത്. അക്കാലത്തെ ഏതൊരു യുവാവിനേയും പോലെ ഇത് എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു. ശരിക്കും ഭ്രമിപ്പിച്ചു എന്നു പറയാം. തൃശ്ശൂര്‍ വാഞ്ചി ലോഡ്ജ് ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച ആദ്യ സംഘടന റാഷണലിസ്റ്റ് യൂത്ത് ഫോറമാണ്. കേവല യുക്തിവാദ പ്രസ്ഥാനത്തിനെതിരായ ഒരു യുവ മുന്നേറ്റം. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം അവര്‍ ഉയര്‍ത്തിപ്പിടിച്ചു. നാസ്തികന്‍ എന്നൊരു മാസികയും അവര്‍ക്കുണ്ടായിരുന്നു. വീട്ടിലെ സാഹചര്യം കൊണ്ട് ഞാന്‍ എന്നെ സ്വയം തന്നെ ഒരു യുക്തിവാദിയായി പരിഗണിച്ചിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തൃശ്ശൂര്‍ സി.എം.എസ്. സ്‌കൂളില്‍ നടന്ന റാഷണലിസ്റ്റ് യൂത്ത് ഫോറത്തിന്റെ ഒരാഴ്ചത്തെ ക്യാമ്പില്‍ ഞാന്‍ സംബന്ധിക്കുന്നു. വി.ടി.യാണ് ക്യാമ്പ് ഉല്‍ഘാടനം ചെയ്തത്. സച്ചിദാനന്ദനും കെ.ജി.എസും അവിടെ ക്ലാസെടുത്തത് ഓര്‍ക്കുന്നു. ജോണ്‍സന്‍ ഐരൂരും സണ്ണിയും മുഹമ്മദും ദേവസ്സി വല്ലക്കുന്നും ചിത്തരജ്ഞനുമാണ് സംഘാടകര്‍. ആര്‍.വൈ.എഫിന്റെ രണ്ടു യോഗങ്ങള്‍ എന്റെ നാട്ടില്‍ ഞാന്‍ സംഘടിപ്പിച്ചിരുന്നു. അവരാണ് പ്രേരണ മാസിക തുടങ്ങുന്നത്. അത് പിന്നീട് ജനകീയ സാംസ്‌കാരിക വേദിയുടെ മുഖപത്രമായി.
അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍ അന്നത്തെ യുവാക്കള്‍ക്കിടയില്‍ വലിയ ധ്രൂവീകരണമുണ്ടായി. ഞാനും എന്റെ സഹപാഠികളും എസ്.എഫ്.ഐ. നാട്ടിക കോളേജ് യൂണിറ്റിലെ പ്രവര്‍ത്തകരുമായിരുന്ന കെ.വി.ഉണ്ണികൃഷ്ണനും പി.എം.സദാശിവനും അന്തിക്കാട്ടു പോയി കെ.എസ്.സദാശിവനെ സന്ദര്‍ശിച്ചു. ഏതാണ്ടൊരു പകല്‍ മുഴുവന്‍ സംസാരിച്ചു. ഞാന്‍ അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ആശയ സംഘര്‍ഷത്തോടെയാണ് പിരിഞ്ഞത്. പി.എം.സദാശിവന്‍ പിന്നീട് സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകനായി മാറി. ഞാന്‍ യൂത്ത് ഫെഡറേഷനില്‍ തന്നെ തുടര്‍ന്നു. എങ്കിലും ജനകീയ സംസ്‌കാരിക വേദിയുടെ അന്തിക്കാട്ടെയും ഒളരിയിലെയും സമ്മേളനങ്ങളില്‍ കാഴ്ചക്കാരനായി പങ്കെടുത്തിരുന്നു. ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിട്ട ശേഷം തൃശ്ശൂരില്‍ സിവിക് ചന്ദ്രന്റെ നേതൃത്ത്ത്തില്‍ നടന്ന ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചെറിയ മ’ില്‍ പങ്കാളിയായിരുു. വിമര്‍ശനാത്മക പങ്കാളിത്തം എു പറയാം. തൃശ്ശൂരില്‍ നി് അു പുറത്തിറങ്ങിയിരു ഞങ്ങളുടെ പ്രിയപ്പെട്ട പത്രം ‘എക്‌സപ്രസ്സ്’ ആയിരുന്നു അന്നത്തെ എഴുത്തു കളരി. ഈ കാലം എന്റെ പല കഥകള്‍ക്കും വിഷയമായിട്ടുണ്ട്.
6. രാഷ്ട്രീയപ്രവര്‍ത്തകനായല്ല, ആധുനികോത്തര ചെറുകഥാ സാഹിത്യത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് മലയാളികള്‍ അശോകന്‍ ചരുവിലിനെ അറിയുന്നത്. നമുക്ക് കഥയെഴുത്തിലേക്ക് വരുന്നതിനെക്കുറിച്ച് സംസാരിച്ചു കൂടേ?
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇരിഞ്ഞാലക്കുടയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘തീനാളം’ മാസികയില്‍ എന്റെ ഒരു കഥ പ്രസിദ്ധീകരിച്ചിരുന്നു. എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു അതിന്റെ പത്രാധിപര്‍. പ്രമുഖ ട്രോട്കിസ്റ്റായിരുന്ന പി.ആര്‍.ധര്‍മ്മബന്ധു. ഇടക്ക് ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. പിന്നീട് ദേശാഭിമാനി ബാലപംക്തിയിലാണ് ഞാന്‍ എഴുതുന്നത്. അക്കാലത്ത് ദേശാഭിമാനി വാരിക പത്രാധിപര്‍ എം.എന്‍.കുറുപ്പിന്റേയും സഹപത്രാധിപര്‍ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിന്റേയും വലിയ കാരുണ്യം ഞാന്‍ അനുഭവിച്ചു. എന്റെ വീട്ടുസ്ഥിതി മനസ്സിലാക്കി അന്നത്തെ നിലക്കുള്ള മികച്ച പ്രതിഫലം ദേശാഭിമാനി എനിക്കു തരാറുണ്ട്. ഞാന്‍ മാത്രമല്ല എഴുപതുകളില്‍ രംഗത്തു വ കഥാകൃത്തുക്കള്‍ ഏതാണ്ടെല്ലവരും ത െഈ രണ്ടു പേരോടും കടപ്പെ’ിരിക്കുു. കുറുപ്പ് ചേ’ന് വാര്‍ദ്ധക്യ സഹജമായ ഓര്‍മ്മക്കുറവ് തുടങ്ങിയ കാലത്ത് ഞാന്‍ ചെന്നു കണ്ടിരുന്നു. അന്ന് അദ്ദേഹം ‘നമ്മുടെ എന്‍.പി.എരിപുരം ഇപ്പോള്‍ എവിടെയാണ് എന്ന് എന്നോട് ചോദിച്ചു. എനിക്കു പിടികിട്ടിയില്ല. അദ്ദേഹത്തിനു ദേഷ്യം വന്നു. ‘മലയാളത്തിലെ പ്രസിദ്ധ കഥാകൃത്തായ എരിപുരത്തെ അറിയില്ലൊേ?’ കുറുപ്പു ചേട്ടന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് ഇപ്പോഴും ചോദിക്കുുണ്ടാവണം: ‘നമ്മുടെ എരിപുരം ഇപ്പോള്‍ എവിടെയാണ്?’
കുറച്ചു കഥകള്‍ മാതൃഭൂമി ബാലപംക്തിയിലും ഞാന്‍ എഴുതിയിട്ടുണ്ട്. അയല്‍നാട്ടുകാരനായതുകൊണ്ട് കുഞ്ഞുണ്ണിമാഷ്‌ക്ക് എന്നോട് കുറച്ചൊരു വാത്സല്യം ഉണ്ടായിരുന്നു. ബാലപംക്തികള്‍ അക്കാലത്ത് പുതിയ ഭാവുകത്വത്തിന്റെ കേളീരംഗം ആയിരുന്നു. എല്ലാവരും ബാലപംക്തി വായിച്ച് പുതിയ തലമുറയുടെ വരവിനെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. മാതൃഭൂമി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യ മത്സരങ്ങള്‍ വലിയ ശ്രദ്ധ നേടി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാനും മത്സരത്തിലേക്ക് കഥ അയച്ചിരുന്നു. സമ്മാനമൊന്നും കിട്ടിയില്ല. എന്റെ നാട്ടുകാരനായ ടി.വി.കൊച്ചുബാവ എനിക്ക് വളരെ മുമ്പു തന്നെ മാതൃഭൂമി ബാലപംക്തിയിലെ പ്രധാന എഴുത്തുകാരനായിരുന്നു. എന്നേക്കാള്‍ മൂന്നോ നാലോ വയസ് കൂടുതല്‍ വരും ചങ്ങാതിക്ക്. പഠിച്ചത് രണ്ടു സ്‌കൂളിലായതുകൊണ്ട് (എല്ലാ അര്‍ത്ഥത്തിലും) ഞങ്ങള്‍ തമ്മില്‍ അക്കാലത്ത് നേരില്‍ കണ്ടിരുില്ല. വിഷുപ്പതിപ്പ് മത്സരത്തില്‍ ഏകാങ്ക നാടക രചനക്ക് സ്‌കൂള്‍ വിഭാഗത്തില്‍ സമ്മാനം കിട്ടിയപ്പോള്‍ ബാവയുടെ പടം ആഴ്ചപ്പതിപ്പില്‍ കണ്ടു. വലിയ സന്തോഷമായി. എന്റെ ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ക്ക് എഴുതി മുേന്നറാനാവുമെന്ന വിശ്വസമുണ്ടായി. മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ പ്രവര്‍ത്തനത്തിലും കൊച്ചുബാവ അു സജീവമായിരുന്നു. അവന്‍ കൂടാതെ സത്യന്‍ അന്തിക്കാടും കെ.ഹിരണ്യനുമൊക്കെയാണ് അന്ന് തൃശ്ശൂരിലെ യുവ സാഹിത്യ താരങ്ങള്‍. കൊച്ചുബാവ ‘പുനര്‍ജ്ജനി ലിറ്ററി ഫോറം’ എന്നൊരു സംഘടന ഉണ്ടാക്കി. അതിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യ സംവാദത്തിന്റെ കയ്യെഴുത്ത് പോസ്റ്ററുകള്‍ കാട്ടൂരങ്ങാടിയില്‍ പലയിടങ്ങളിലും ഒട്ടിച്ചത് വായിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. കോവിലന്‍, കുഞ്ഞുണ്ണിമാസ്റ്റര്‍ എന്നീ പേരുകള്‍ അതില്‍ ഞാന്‍ വായിച്ചിരുന്നു. സംവാദത്തിനു പോകണോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. പന്ത്രണ്ടോ പതിമൂന്നോ വയസ്സേ ഉണ്ടായിരുുള്ളുവെങ്കിലും മനസ്സുകൊണ്ട് ഞാന്‍ എന്നെ ഒരു സമുന്നത രാഷ്ട്രീയ പ്രവര്‍ത്തകനായി കണക്കാക്കിയിരുന്നു. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ സാന്നിദ്ധ്യം സാഹിത്യ രംഗത്ത് അനൗചിത്യമാകുമോ എന്ന ശങ്കമൂലം സംവാദത്തിന് പോയില്ല.
നാട്ടിക കോളേജില്‍ പ്രിഡിഗ്രിക്കു ചേര്‍ന്ന ശേഷമാണ് കൊച്ചുബാവയുമായി വലിയ സൗഹൃദം ഉണ്ടാവുന്നത്. കോളേജ് മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റതിന്റെ ക്ഷീണത്തിലായിരുന്നു അന്ന് അദ്ദേഹം. അന്ന് ഇരിഞ്ഞാലക്കുടയില്‍ മുതിര്‍ന്ന ചില അധ്യാപകര്‍ ചേര്‍്ന്ന് ഇരിഞ്ഞാലക്കുട ലിറ്റററി ഫോറം എന്നൊരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. പ്രതിമാസ രചനാ ചര്‍ച്ചയാണ് പ്രധാന പരിപാടി. ഓരോ അംഗവും എന്തെങ്കിലും ഒരു രചന അവിടെ വായിക്കണം. കൊച്ചുബാവ എന്നെ അങ്ങോട്ടു കൊണ്ടു പോയി. ഒരു കഥ വായിച്ചു കഴിഞ്ഞാല്‍ ഓരോരുത്തരും അതിനെ കീറിമുറിച്ചു പരിശോധിക്കും. അതെന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. സച്ചിദാനന്ദനും മാമ്പുഴ കുമാരനും കെ.വി.രാമനാഥനുമൊക്കെ ഫോറത്തില്‍ ചിലപ്പോള്‍ അതിഥികളായി വരാറുണ്ട്.
7. താങ്കള്‍ എഴുതിത്തുടങ്ങിയ കാലത്താണല്ലോ ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍?
അതെ. ഞാന്‍ പ്രിഡിഗ്രിക്കു പഠിക്കുമ്പോഴാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. എന്നെ എഴുത്തുകാരനാക്കുന്നതില്‍ അടിയന്തിരാവസ്ഥക്കു വലിയ പങ്കുണ്ടെന്നു പറയാം. അടിയന്തിരാവസ്ഥക്കെതിരെ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് തലങ്ങും വിലങ്ങും അടിക്കുന്നതിനും കുറേപേരെ അറസ്റ്റു ചെയത് കൊണ്ടു പോകുന്നതിനും കോളേജില്‍ ചേര്‍ന്നതിന്റെ പിറ്റേന്നു തന്നെ ഞാന്‍ സാക്ഷിയായി. അറസ്റ്റു ചെയ്തവരെ ലോക്കപ്പിലിട്ടും മര്‍ദ്ദിച്ചു. സത്യം പറയാമല്ലോ അതോടെ ശരിക്കും ഞാന്‍ ഭയന്നു. പോലീസ് മര്‍ദ്ദനത്തിന്റെ നടുക്കു കുറേ പൂര്‍വ്വ കഥകള്‍ എനിക്കു പരിചയമുണ്ടല്ലോ. എങ്കിലും കുറെയൊക്കെ പ്രവര്‍ത്തനവുമായി മുാേ’ു പോയി. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഒരു ഉപാധി എ നിലയില്‍ എസ്.എഫ്.ഐ. മുന്‍കയ്യെടുത്ത് തൃശ്ശൂരില്‍ രൂപീകരിച്ച ‘സ്റ്റുഡന്‍സ് റൈറ്റേഴ്‌സ് ഫോറ’ത്തിന്റെ സെക്രട്ടറിയായിരുന്നു ഞാന്‍. ഐ.ഷമുഖദാസും, വി.ജി.തമ്പിയുമെല്ലാം അന്ന് ചില യോഗങ്ങള്‍ക്ക് വന്നതായി ഓര്‍ക്കുന്നു. ഫോറത്തിന്റെ ഒരു പരിപാടി ഉല്‍ഘാടനം ചെയ്തത് മുല്ലനേഴി മാഷാണ്. അതോടെ ഞാന്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായി. മുല്ലനേഴി മാഷുമൊത്ത് വൈലോപ്പിള്ളിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആത്മവിചാരങ്ങള്‍ കുറേ അന്നു കേട്ടു. അടിയന്തിരാവസ്ഥയുടെ കടുത്ത വിമര്‍ശകനായി മാറിയിരന്നു അന്നു മഹാകവി. അദ്ദേഹത്തിന്റെ ചില കവിതകള്‍ വായിച്ചപ്പോള്‍ അതില്‍ സൂക്ഷ്മമായി ഒളിച്ചു വെച്ച പ്രതിഷേധം ഞാന്‍ കണ്ടു. എഴുത്തിന്റെ കരുത്ത് അന്നാണ് ശരിക്കു മനസ്സിലായത്. മറ്റൊരു നിലക്കു പറഞ്ഞാല്‍ എന്നെ നിര്‍ണ്ണയിച്ചത് അടിയന്തിരാവസ്ഥയാണ്. ജെ.പി.യെ മനസ്സില്‍ കരുതി ‘ശാന്തിസേനന്റെ കൂട്ടുകാര്‍’ എാെരു കഥ ഞാന്‍ എഴുതി. എന്തുകൊണ്ടോ സെന്‍സറുടെ ഇടപെടല്‍ ഇല്ലാതെ അത് ദേശാഭിമാനിയില്‍ പ്രസിദ്ധം ചെയ്തു.
8.എഴുപതുകളുടെ അവസാനത്തോടെയായിരിക്കുമല്ലോ താങ്കള്‍ ഗൗരവമായ വായനയിലേക്കു വരുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള അത്യന്താധുനികരുടെ ബൗദ്ധികപരിവേഷമുളള സൃഷ്ടികളും പുരോഗമന സാഹിത്യസ്ൃഷ്ടികളും മലയാളീ വായനയെ ഏകോപിപ്പിച്ച കാലം. ഈ കാലത്തെ വായനയെക്കുറിച്ച്?
എഴുപതുകള്‍ ഞാന്‍ ഗൗരവമായി വായന തുടങ്ങുന്ന കാലമാണ്. എന്നാല്‍ എന്നെപ്പോലൊരാള്‍ക്ക് പ്രതീക്ഷയോടെ കടന്നു ചെല്ലാനാവുന്നതായിരുന്നില്ല അന്നത്തെ എഴുത്തിന്റെ ലോകം. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പിളര്‍പ്പും തകര്‍ച്ചയും നടന്നു കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റു പാര്‍ടി പിളര്‍ന്നു. ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന….’ പ്രസ്ഥാവം പുറത്തു വി്ടടിരുന്നു. ആധുനികരുടെ കാലമാണ്. എഴുത്തിന്റെ ലോകത്ത് അ് ഏറ്റവുമേറെ പരിഹസിക്കപ്പെട്ടിരുന്നത് തൊഴിലാളികളും അവരുടെ നേതാക്കന്മാരുമായിരുന്നു. എഴുത്തുകാര്‍ എന്ന നിലയിലും കഥാപാത്രങ്ങള്‍ എന്ന നിലയിലും അവര്‍ അപമാനിക്കപ്പെട്ടു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഥകളെഴുതിയിരുന്ന ആളാണ് ഡി.എം.പൊറ്റക്കാട്. അദ്ദേഹം ഞങ്ങളുടെ അടുത്ത ഗ്രാമത്തിലായിരുന്നു. എന്റെ അച്ഛന്റെ സുഹൃത്താണ്. കഥയെഴുതി എന്ന കുറ്റത്തിന് ആ മനുഷ്യന്‍ കേട്ട പഴിക്കു കണക്കില്ല.
രണ്ടു സാഹിത്യകാരന്മാരെ ഞാന്‍ പലപ്പോഴും താരതമ്യം ചെയ്തു നോക്കാറുണ്ട്. വി.ടി.ഭട്ടതിരിപ്പാടിനേയും ഡി.എം.പൊറ്റക്കാടിനേയും. ഇവരെ താരതമ്യപ്പെടുത്തിയാല്‍ സാഹിത്യ തമ്പുരാക്കന്മാര്‍ കൊടുവാളെടുക്കും എെനിക്കറിയാം. മുന്‍കൂര്‍ മാപ്പു ചോദിക്കുന്നു. തന്റെ സമുദായ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വി.ടി. നാടകവും കഥകളും എഴുതിയിരുത്. തികച്ചും ഉദ്ദേശാധിഷ്ടിതമായ രചനകള്‍. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന ഇ.എം.എസിന്റെ പ്രസിദ്ധമായ ഓങ്ങല്ലൂര്‍ പ്രസംഗം കേട്ടുമടങ്ങുന്ന വഴിക്ക് പട്ടാമ്പി ചന്തയില്‍ നിന്ന് ഒരു കൈക്കോട്ടു വാങ്ങിക്കുന്ന നമ്പൂതിരിയെക്കുറിച്ച് വി.ടി. ഒരു കഥയെഴുതിയി’ുണ്ട്. അധഃസ്ഥിതരായ തൊഴിലാളികളുടെ ജീവിതമാണ് ഡി.എം.പൊറ്റക്കാട് ചിത്രീകരിച്ചത്. കഥയുടെ ശതാബ്ദി പ്രമാണിച്ച് മഹാനായ അയ്യപ്പപണിക്കര്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ‘നൂറു വര്‍ഷം നൂറു കഥ’ എന്ന പുസ്തകത്തില്‍ ഡി.എമ്മിന്റെ കഥ ഇല്ല. വി.ടി.യുടെ കഥ ഉണ്ട്. അന്തര്‍ജ്ജനങ്ങളുടെയും അഫന്‍മാരുടേയും ജീവിത ദു:ഖം പോലെ സൗന്ദര്യാത്മകമല്ല ചകിരിപ്പണിക്കാരുടെ നരക ജീവിതം എന്നാണോ അതിനര്‍ത്ഥം? ഇതപര്യന്തം ഞാന്‍ വായിച്ച ഏറ്റവും മികച്ച ഇരുപതു മലയാള കഥകളില്‍ ഡി.എം.പൊറ്റക്കാടിന്റെ ‘പിന്നെയും മഞ്ഞു പെയ്യുന്നു’ ഉള്‍പ്പെടും.
ഇക്കാലത്ത് ഇടതുപക്ഷക്കാരായ എഴുത്തുകാരുടെ കൃതികള്‍ മലയാളത്തിലെ ഉല്‍ക്കൃഷ്ട ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് മലയാളി ആവേശത്തോടെ പുനര്‍വായിക്കുന്ന എഴുത്തുകാരനാണ് ചെറുകാട്. ‘മുത്തശ്ശി’ക്ക് ഇതിനകം എത്രയോ പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സാഹിത്യ രചനയോ അദ്ദേഹത്തെക്കുറിച്ചുള്ള പഠനമോ ഒരു പരാമര്‍ശമോ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ വായിച്ചതായി ഞാന്‍ ഓര്‍ക്കുില്ല. സാഹിത്യ പ്രവര്‍ത്തക സംഘം കൊലകൊമ്പന്‍മാര്‍ നടത്തുന്ന കാലമായിരുല്ലോ അത്. അഴകൊഴമ്പന്‍ കുഞ്ഞുകൃഷ്ണപ്പിള്ള മുതല്‍പ്പേരുടെ ചതുരവടിവിലുള്ള സാഹിത്യം അച്ചടിച്ച് ചുവരിനു പകരം ഇഷ്ടികപോലെ കോട്ടയത്തെ ആപ്പീസില്‍ അടുക്കിവെക്കുന്ന കാലം. ചെറുകാടിന്റെ ഒരു കൃതിയും അവര്‍ പ്രസിദ്ധപ്പെടുത്തിയതായി എന്റെ അറിവില്‍ ഇല്ല. എക്കാലത്തെയും മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥ ‘ജീവിതപ്പാത’ സ്വന്തം നിലക്ക് പ്രൂഫു നോക്കി അച്ചടിച്ചാണ് അ്‌ദ്ദേഹം പുറത്തിറക്കിയത്. തന്റെ ചുവന്ന സഞ്ചിയില്‍ കൊണ്ടു നടന്ന് വില്‍ക്കുകയും ചെയ്തു.
ജനകീയ രാഷ്ട്രീയപ്രവര്‍ത്തകര്‍ കുറ്റവാളികളും കോമാളികളും ആയിട്ടാണ് അന്ന് ചിത്രീകരിക്കപ്പെട്ടിരുന്നത്. ഏതാണ്ട് ‘കൊഴണശ്ശേരിയിലെ കമ്യൂണിസ്റ്റുകളു’ടെ അനന്തിരവന്മാരായിരുന്നു ഒട്ടുമിക്കപേരും. ഒളിവിലിരിക്കുമ്പോള്‍ വിളമ്പിയ കരിമീനിന് ഉപ്പു പോരെന്ന് ദരിദ്രനായ വീട്ടുകാരനെ പുലഭ്യം പറയുന്ന കമ്യൂണിസ്റ്റ് നേതാവിനെയാണ് ‘ഉഷ്ണമേഖല’യില്‍ കാണുത്. കെ.വി.ജെ. എന്ന കഥാകൃത്ത് മഹാനായ എ.കെ.ജി.യെ പരിഹസിച്ചെഴുതിയ കഥക്ക് അന്നു വലിയ പരിഗണന കിട്ടി. കേരളം നേരിടുന്ന ഗുരുതരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരനായി പത്രപംക്തികളിലും കാര്‍ട്ടുണുകളിലും അന്ന് വിചാരണ ചെയ്യപ്പെട്ടത് ഭരണാധികാരികളോ ഉദ്യോഗസ്ഥ വൃന്ദമോ അല്ല; ചുവന്ന തലേക്കെട്ടു കെട്ടിയ തെരുവിലെ ചുമട്ടു തൊഴിലാളി ആയിരുന്നു. കൊമ്പന്‍ മീശ, മേലാകെ രോമം, നിക്കര്‍ കാണുന്ന മട്ടില്‍ ഉയര്‍ത്തിയ കൈലി.
എഴുപതുകളില്‍ അരങ്ങു വാണ ധൈഷണിക ജീവിതത്തിന് ജനകീയതയോടും അതിന്റെ രാഷ്ട്രീയത്തോടും ഇത്രമാത്രം പക തോന്നാന്‍ കാരണമെന്തെന്ന്് ചിന്തിക്കേണ്ടതുണ്ട്.
9. വായനയുടെ/എഴുത്തിന്റെ രാഷ്ട്രീയ ഭാവുകത്വത്തെ ചിഹ്നഭിമാക്കുകയായിരുന്നില്ലേ മലയാളത്തിലെ ആധുനികതാ പ്രസ്ഥാനം?
ആദ്യമേ പറയട്ടെ തൊട്ട മുന്‍തലമുറ എന്ന നിലയില്‍ ആധുനികരെ വായിച്ചിട്ടാണ് ഞങ്ങള്‍ എഴുത്തു തുടങ്ങിയത്. എന്റെ ഭാഷയിലും ജീവിതാന്വേഷണങ്ങളിലും അവരോടുള്ള കടപ്പാട് മറച്ചുപിടിക്കാന്‍ കഴിയില്ല. പക്ഷേ മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തെ സവിശേഷമായ രീതിയില്‍ ഇനിയും വിലയിരുത്തേണ്ടതുണ്ട്. ആധുനികതക്കെതിരെ സര്‍ഗ്ഗാത്മകമായ സംവാദം അഴിച്ചുവിട്ട സാഹിത്യസമിതിയുടേയും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റേയും കാലത്തു പോലും ആ പ്രസ്ഥാനത്തെ രാഷ്ട്രീയമായി അപഗ്രഥിക്കാന്‍ ശ്രമിച്ചിട്ടില്ല. സാഹിത്യകാരന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള അനാവശ്യമായ തര്‍ക്കങ്ങളില്‍ അന്നത്തെ അന്വേഷണം ചുരുങ്ങിപ്പോവുകായാണുണ്ടായത്. അസ്തിത്വവാദം, മോഹഭംഗം, മൃത്യുപാസന, ആര്‍ത്തവരക്തം തുടങ്ങിയ വാക്കുകള്‍ ഒരു പുലഭ്യം പോലെ ഉപയോഗിക്കപ്പെട്ടു. ലോകയുദ്ധങ്ങളുടെ പശ്ചാത്തലവും ദൈവത്തിന്റെ മരണവും ശാസ്ത്രത്തിന്റെ അപചയവും ഇവയൊക്കെ ചേര്‍്ന്നു സൃഷ്ടിച്ച അസ്തിത്വവാദ ചിന്തയും മരണാഭിമുഖ്യവും മലയാളികളായ അന്നത്തെ എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ടാവാം. പക്ഷേ കേരളത്തില്‍ അതു മുന്നേറിയത് നവോത്ഥാനവും ദേശീയസമരവും തുടര്‍ന്നുണ്ടായ തൊഴിലാളി കര്‍ഷക മുന്നേറ്റവും സൃഷ്ടിച്ച ഉപരിവര്‍ഗ മോഹഭംഗത്തിന്റെ തണലിലാണ്. വെറുതെയല്ല ആധുനികരുടെ കൃതികളില്‍ തൊഴിലാളിയും അവന്റെ പ്രസ്ഥാനവും പരിഹസിക്കപ്പെട്ടത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ വെല്ലുവിളിച്ചു കൊണ്ടാണല്ലോ ആധുനികതയെ അന്നത്തെ പത്രമാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ചത്. മരണചിന്തക്കും മോഹഭംഗത്തിനും മുന്‍പ് ഗൃഹാതുരതയുടെ രൂപത്തിലാണ് അതിന്റെ കേളികൊട്ട്. ഗൃഹാതുരത എക്കാലത്തും സാഹിത്യത്തിന്റെ പ്രിയ സങ്കേതമാണ്. പക്ഷേ ആധുനികതക്കു മുന്നോടിയായി അവതരിച്ച ഗൃഹാതുരത ചുറ്റിത്തിരിയുന്നത് പഴയ ജന്മിഗൃഹങ്ങളുടെ അകായിലും തൊടിയിലുമാണ്. ‘ഹാ പോയി മറഞ്ഞു ആ നല്ലകാലം!’ എന്നാണല്ലോ. പാട്ടക്കുടിയാന്മാര്‍ മുറ്റത്തു കൊണ്ടു ചൊരിയുന്ന നെല്ലും കാഴ്ചക്കുലകളും. അവര്‍ക്ക് ഓണപ്പുടവ കൊടുക്കുന്ന സ്‌നേഹ സമ്പനായ വല്യമ്മാവന്‍. അടിയാന്മാര്‍ക്ക് കഞ്ഞി വിളമ്പുന്ന അന്നപൂര്‍ണേശ്വരിയായ അമ്മ. അടിമ ഉടമ ബന്ധത്തിന്റെ പവിത്രതയെക്കുറിച്ച് പരമാവധി ഉല്‍ഘോഷിക്കുന്നുണ്ട്.
പക്ഷേ കലാത്മകമായി ആവിഷ്‌ക്കരിക്കപ്പെടുന്ന ഈ ഗൃഹാതുരതയില്‍ വിവരിക്കുന്ന ആ കാലം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അത്ര നല്ലകാലമായി തോന്നാനിടയില്ല. പുറം ചുട്ടു പൊള്ളി ചേറു കുടിച്ച് മാടുകളേപ്പോലെ ജീവിച്ച മുതുമുത്തച്ഛന്മാരെയാണ് അവര്‍ക്ക് ഓര്‍മ വരിക. ജന്മിഗൃഹത്തിന്റെ വടക്കേ മുറ്റത്ത് കുത്തിയ കുഴിയില്‍ വെച്ച വാഴയിലയില്‍ നിന്നു കഞ്ഞികുടിക്കുന്ന ജീവിതം അവര്‍ക്ക് ഓര്‍മ വരും. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകളി’ല്‍ ഭാസിയുടെ അച്ഛന്‍ തന്റെ തലപ്പുലയനായിരുന്ന തിരുവഞ്ചനെ തല്ലുന്ന ഒരു രംഗം വിവരിക്കുന്നുണ്ട്. കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ച പഠിക്കുന്നവര്‍ അതു നിര്‍ബന്ധമായും വായിക്കണം. കുഴിയില്‍ ഒഴിച്ചു കൊടുത്ത ആ കഞ്ഞിയും രാത്രിക്കുള്ള ഒരു പിടി നെല്ലും ഒഴികെ മറ്റൊരു കൂലിയും കര്‍ഷക തൊഴി്‌ലാളിക്ക് അന്നു ലഭിച്ചിരുന്നില്ല.അങ്ങനെയാണ് ഒരു കാലത്ത് കേരളത്തില്‍ നെല്‍കൃഷി അഭിവൃദ്ധി പ്രാപിച്ചത്. കുഴിയിലെ കഞ്ഞി കുടിക്കാന്‍ പുലയന്‍ വിസമ്മതിച്ചതോടെയാണ് നമ്മുടെ കൃഷി നശിച്ചത്. ഇപ്പോഴും നമ്മുടെ വയലിലേക്ക് ഒരു തിരുവഞ്ചന്‍ പുലയനേയാണ് നാം കാത്തിരിക്കുന്നത്. നഷ്ടസ്മൃതികളില്‍ പെട്ടുലഞ്ഞ ഒരു പറ്റം ഉണ്ണികളുടെ നെടുവീര്‍പ്പുകളായിരുന്നു മലയാളത്തിലെ ആധുനികത. വിമോചന സമരം എന്നൊക്കെ പറയുതുപോലെ നല്ല ഒന്നാന്തരം വിശേഷണം. വിമോചനസമരമാണ് കേരളത്തിലെ സവിശേഷമായ ആധുനികതയുടെ രാഷ്ടീയ പരിസരം ദൃഡപ്പെടുത്തിയത് എന്നു പറഞ്ഞാല്‍ സാഹിത്യ തമ്പ്രാക്കള്‍ കോപിക്കുമോ എന്നു നിശ്ചയമില്ല. അവര്‍ക്കു കോപിക്കാന്‍ അവകാശമുണ്ട്. അ്ന്നു രൂപമെടുത്ത സാംസ്‌കാരിക ധ്രൂവീകരണത്തെ ഇന്ന് ആഗോള സാമ്രാജ്യത്തം അവരുടെ സാംസ്‌കാരിക യുദ്ധത്തിനായി ഉപയോഗപ്പെടുത്തുന്നു.
10. ജൈവ പരിസരത്തിലേക്കുള്ള എഴുത്തിന്റെ തിരിച്ചു വരവാണ് എണ്‍പതുകളില്‍ ഉത്തരാധുനികം എന്ന മേല്‍വിലാസത്തില്‍ എഴുതപ്പെട്ട മലയാള കഥകള്‍ സാധിച്ചെടുത്തത്. ശ്വസിക്കുന്ന വായുവും ചവിട്ടി നില്‍ക്കുന്ന മണ്ണും തോളുരുമ്മി നില്‍ക്കുന്ന മനുഷ്യനും മുഖ്യ പ്രമേയമാവുന്നു. ഈ അര്‍ത്ഥത്തില്‍ താങ്കള്‍ സജീവമായ എണ്‍പതുകളിലെ എഴുത്തിനെക്കുറിച്ച് സംസാരിച്ചു കൂടേ?
എഴുപതുകളുടേയും തൊണ്ണൂറുകളുടേയും ഇടയില്‍ എണ്‍പതുകള്‍ക്കുണ്ടാായിരുന്ന സവിശേഷത അടിയന്തിരാവസ്ഥക്കു ശേഷമുണ്ടായ ഉണര്‍വ്വാണ്. മുന്‍പ് കമ്യൂണിസ്റ്റുകാര്‍ ലോക്കപ്പുകളില്‍ നരമേധത്തിന് ഇരയായ സംഭവമൊക്കെ ഉണ്ടായിട്ടുെങ്കിലും അതൊന്നും പൗരസമൂഹത്തിന് വിഷയമായിരുന്നില്ല. പക്ഷേ അടിയന്തിരാവസ്ഥ ശരിക്കും കൈ പൊള്ളിച്ചു. ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും, മനുഷ്യാവകാശത്തെക്കുറിച്ചുമെല്ലാം ഉള്ളു ചുട്ടു ചര്‍ച്ച ചെയ്തു. അതിന്റെ ഫലമായി ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും യുവജന പ്രസ്ഥാനവും ശക്തിപ്പെട്ടു. ജനകീയ സാംസ്‌കാരിക വേദിയും അക്കാലത്താണുണ്ടായത്. വേദി പിരിച്ചു വിട്ട ശേഷം അതിന്റെ പ്രവര്‍ത്തകര്‍ നാടെങ്ങും നടത്തിയ ബദല്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആ കാലത്തിന്റെ സവിശേഷതയാണ്. തൃശ്ശൂര്‍ അതിന്റെ മുഖ്യ കേന്ദ്രമായിരുന്നു. അതിലെല്ലാം ചെറിയ മട്ടിലാണെങ്കിലും എന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
അടിയന്തിരാവസ്ഥയെ തുടര്‍്ന്ന് എണ്‍പതുകളില്‍ സാഹിത്യം സാമൂഹ്യ സംഘര്‍ഷങ്ങള്‍ കൊണ്ട് സജീവമായി. ആധുനികരുടെ കാലത്ത് അവരുടെ ഭജനപ്പാട്ടു സംഘം തമസ്‌കരിച്ചു നിറുത്തിയിരരുന്ന എം.സുകുമാരന്‍ കഥയില്‍ ഒരു താരമായി മാറി. സി.വി.ശ്രീരാമനും വൈശാഖനും എസ്.വി.വേണുഗോപന്‍നായരും സാറാജോസഫും മുഖ്യധാരയില്‍ എത്തി. ജീവിതാവബോധമുള്ള കഥകളുടെ ദശകം എന്ന് ആ കാലത്തെ പറയാം. യു.പി.ജയരാജ്, ടി.വി.കൊച്ചുബാവ, എന്‍.പ്രഭാകരന്‍, സി.വി.ബാലകൃഷ്ണന്‍, അക്ബര്‍ കക്കട്ടില്‍ തുടങ്ങി ഒരു വലിയ പറ്റം യുവ കഥാകൃത്തുക്കളാണ് അന്ന് കഥയുടെ ഗതി മാറ്റിയത്. എന്റെ പങ്ക് എത്ര നിസ്സാരമാണെങ്കിലും എന്റെ തലമുറയാണ് അതെന്ന് നിസ്സംശയം പറയാമല്ലോ. ആധുനികത അക്കാലത്ത് അതിന്റെ അരാഷ്ട്രീയ ഭാവം കൈവെടിയുന്നുണ്ട്. കവിത ഒന്നു ചുവന്നു. കഥയില്‍ എം.മുകുന്ദന്റെ ഡല്‍ഹി 1981 ഒരു വഴിത്തിരിവായി കണക്കാക്കാം. കൊ’ിഘോഷിക്കപ്പെടു കാലത്തൊും ആധുനികര്‍ ഒറ്റ നല്ല കഥയും എഴുതിയിരുില്ല. ചരിത്ര പ്രസിദ്ധമായ കാസര്‍കോട് പ്രസംഗത്തിലൊഴികെ മറ്റൊരിക്കലും ‘ആധുനിക പ്രവണത’ പ്രകടിപ്പിച്ചിട്ടില്ലാത്ത പുനത്തില്‍ കുഞ്ഞബ്ദുള്ളയും പിന്നെ മാനവികതാവാദിയായ ആനന്ദും അന്നും നല്ല കഥകള്‍ എഴുതിയിരുന്നു. ആധുനികരുടെ നല്ല കഥകളുടെ കാലം ആരംഭിക്കുന്നത് എണ്‍പതുകളിലാണ്. കാക്കനാടന്റെ കാളിയ മര്‍ദ്ദനം, കാവി ധരിച്ച ഭയം. സേതുവിന്റെ ദൂത്. ഖസാക്കിലെ നിഷ്‌ക്കളങ്കതക്കുമേല്‍ കൊണ്ടു വെച്ച മധ്യജീവിതത്തിന്റെ പാപഭാരം വിജയന്‍ തിരിച്ചെടുക്കുന്നു കടല്‍തീരത്ത് എന്ന മഹത്തായ കഥ. മലയാളഭാഷ കണ്ട ഏറ്റവും മികച്ച സാമൂഹ്യ നോവല്‍ അക്കാലത്തുണ്ടായി, ധര്‍മ്മപുരാണം. വി.കെ.എന്റെ സൂക്ഷ്മ പരിഹാസങ്ങളേറ്റ് നമ്മുടെ അധികാര രാഷ്ട്രീയം പുളഞ്ഞു.
12. നൂറിലേറെ കഥകള്‍, കങ്കാരുനൃത്തം നോവല്‍. ജലജീവിതം, ക്ലര്‍ക്കുമാരുടെ ജീവിതം തുടങ്ങിയ നോവലെററുകള്‍. കഥകളിലെ വീട്, ചിമ്മിണി വെളിച്ചത്തില്‍ പ്രകാശിക്കുന്ന ലോകം തുടങ്ങിയ അനുഭവക്കുറിപ്പുകള്‍. ഇതൊക്കെ മലയാളത്തിന് താങ്കളുടേതായിട്ടുണ്ടല്ലോ. വ്യക്തിപരമായി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. താങ്കള്‍ എന്തിനെഴുതുന്നു?
എഴുതാതിരിക്കാനാണ് എനിക്ക് ആഗ്രഹം. അതത്ര സുഖകരമായ ഏര്‍പ്പാടായി തോന്നിയിട്ടില്ല. ആദ്യകാലത്തൊക്കെ നമ്മുടെ വാക്കുകള്‍ അച്ചടിച്ചു വരുമ്പോഴും (അന്ന് അച്ചടിയുടെ കൗതുകം ഇല്ലാതായിട്ടില്ല) കുറച്ച് ആളുകളുടെ ഇടയില്‍ അറിയപ്പെടാന്‍ ഇടയാകുമ്പോഴുമെല്ലാം സന്തോഷം തോന്നിയിരുന്നു. പക്ഷേ എഴുത്ത് അങ്ങേയറ്റം ദുഷ്‌ക്കരമാണ്. അത് മാനസീകമായി കടുത്ത സംഘര്‍ഷത്തിന് ഇടവരുത്തുന്നു. നടന്റെ ശരീരം പോലെയാണ് എഴുത്തുകാരന്റെ ആത്മാവ് എന്ന് തോന്നുന്നു. അതിന്മേല്‍ അവന് പരമാധികാരം ഇല്ല. ശരീരം നഗ്നമാകുതിനേക്കാള്‍ എത്രയോ അപമാനകരമാണ് ആത്മാവ് നഗ്നമാകുന്നത്. വെളിച്ചപ്പാടിന് സ്വയം നിര്‍ണ്ണയിക്കാന്‍ സാധ്യമല്ലാതെ വരും. ‘ഞാനാരാണ് നാണ്വായരെ?’എന്നു ചോദിക്കേണ്ടി വരും. പിന്നേയും എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് ‘ചിമ്മിനി വെളിച്ചത്തില്‍ പ്രകാശിക്കു ലോകം’ എന്ന പുസ്തകത്തില്‍ ഞാന്‍ ഒരു മറുപടി എഴുതിയിട്ടുണ്ട്. അത് ഇങ്ങനെയാണ്:
‘പള്ളിപ്രത്തെ ചെത്തു തൊഴിലാളി സഖാവ് കുമാരേ’ന്റേയും (ജലജീവിതം), നീര്‍ക്കുളമ്പ് മാധവന്റെയും (ശുഭപര്യവസായി) ജീവിതകഥ എഴുതാന്‍ മറ്റൊരാളില്ല. എനിക്ക് എഴുതാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അല്ലാത്ത പക്ഷം ശൂരനാട്ടെ ചേലക്കോടേത്ത് കുഞ്ഞിരാമന്‍മാരുടെ ജീവിതം മലയാള കഥാസാഹിത്യത്തില്‍ വീണ്ടും അപമാനിക്കപ്പെടും. കയ്യില്‍ കിട്ടിയ മുളങ്കമ്പുമായി പട്ടാളത്തിന്റെ നിറതോക്കി്‌നു മുന്നിലേക്ക് വയലാറിലെ കര്‍ഷകന്‍ ചാടി വീണത് എന്തിനാണെ് ഒരു സവര്‍ണ്ണ ഭൂപ്രഭുവിന്റെ പേരക്കുട്ടിക്ക് ഏഴു ജന്മം ആലോചിച്ചാലും പിടികിട്ടുുകയില്ല.’
എഴുത്തുകാരനാവണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്കു താല്പര്യം രാഷ്ട്രീയപ്രവര്‍ത്തകനാവാനായിരുന്നു. എന്റെ അച്ഛനേപ്പോലെ ഞങ്ങളുടെ നാട്ടിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി ജീവിക്കുക. ഇപ്പോള്‍ അരനൂറ്റാണ്ടു പിന്നിട്ട ഈ ജീവിത വേളയിലും ഞാന്‍ പുലര്‍ത്തുന്ന ഒരു സ്വപ്‌നമുണ്ട്. എഴുത്തു പൂര്‍ണ്ണമായി അവസാനിപ്പിക്കുക. എന്നിട്ട് നാട്ടിന്‍പുറത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി ജീവിക്കുക. നാട്ടിലെ എല്ലാവരുടേയും ജീവിതം അറിയുക. തിരിച്ചു ചെല്ലുമ്പോള്‍ ചായപ്പാട്ടയില്‍ വീണ ഈ കുറുക്കനെ സഹജീവികള്‍ സ്വീകരിക്കുമോ എന്നു സംശയമുണ്ടെങ്കിലും.
മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി നടത്തിയ അഭിമുഖത്തില്‍ നിന്ന്. (2012 സപ്തംബര്‍16. പുസ്തകം 90 ലക്കം 27)