കൊറോണയുടെ ഈ വിങ്ങുന്ന അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നൂറു കൊല്ലം മുമ്പുള്ള ഒരു പകർച്ചവ്യാധിയെയാണ്. സ്പാനിഷ് ഫ്ലൂ എന്നാണ് ആ പകർച്ചവ്യാധിയുടെ പേര്. ഇന്ന് ഞാൻ അത് ഓർക്കുന്നത് എന്തിനാണെന്ന് വെച്ചാൽ ഈ കോവിഡ്-19 മായി അതിന് ഒരുപാട് സാമ്യങ്ങളുണ്ട്. ഒന്നാമത്തെ സാമ്യം അതിന് മരുന്ന് ഉണ്ടായിരുന്നില്ല എന്നതാണ്. അന്ന് ഡോക്ടർമാർ ഇതിനു പ്രതിവിധിയായി വിധിച്ചത് ഇന്നു നാം കാണുന്ന ശാരീരിക അകലവും മുഖംമൂടിയും തന്നെയായിരുന്നു. അന്ന് മുഖം മൂടി അണിയാൻ വിമുഖത കാണിച്ച ഒരു നഗരം ന്യൂയോർക്ക് ആയിരുന്നു ഇന്നും ന്യൂയോർക്ക് ആ പ്രശ്നമുണ്ട്. 1940 കളിലാണ് ആ സ്പാനിഷ് ഫ്ലൂവിനെ പിടിച്ചുകെട്ടാനുള്ള മരുന്ന് കണ്ടു പിടിച്ചത് എന്നാണ് എന്റെ ഓർമ്മ. അഞ്ചുകോടി മനുഷ്യരാണ് അന്ന് മരിച്ചുവീണത്. ആളുകൾക്ക് അങ്കലാപ്പാണ്. മരുന്നില്ലാത്ത ഒരു രോഗത്തിന് എങ്ങനെയാണ് രോഗമുക്തി ഉണ്ടാവുക എന്ന്. രോഗം വന്നാൽ രോഗിക്ക് കൊടുക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നും ഭക്ഷണവും വിശ്രമവുമൊക്കെയാണ്. ഇത്തരമൊരു രോഗം ശരീരത്തിൽ വന്നുകഴിഞ്ഞാൽ അതിനെതിരായി ആന്റിബോഡി ഉത്പാദിപ്പിക്കുന്ന ഒരു ജോലി ശരീരം ഏറ്റെടുക്കും. അങ്ങനെയാണ് രോഗമുക്തി ഉണ്ടാവുന്നത്. വാക്സിനും പ്രതിരോധ കുത്തിവെപ്പുകളുമൊക്കെ ഉടനടി കണ്ടുപിടിച്ചേക്കാം. ഇന്ന് ഗ്ലോബൽ വില്ലേജ് എന്നത് ഒരു വസ്തുത ആയിരിക്കുകയാണ്. മാധ്യമ പഠിതാവായ മെഗ്ലൂഹൻ്റെ ഒരു പ്രയോഗമാണ് ഗ്ലോബൽ വില്ലേജ് എന്നത്. ചൈനയിലെ ഒഹാനിൽ ഒരു അണു കണ്ടെത്തുന്നു. ചൈനയിൽ പടരുന്ന അതേ വേഗത്തിൽ തന്നെ ഇത് ഇന്ത്യയും അറേബ്യയിലും ഒക്കെ എത്തുന്നു. എന്റെ അഭിപ്രായത്തിൽ ഇത് ഒരു മൂന്നാംലോക മഹായുദ്ധം ആണ്; മനുഷ്യവംശം ഒരുഭാഗത്തും രോഗാണു മറുഭാഗത്തും നിൽക്കുന്ന ഒരു മഹായുദ്ധം. രോഗത്തിന്റെ ആദ്യഘട്ടത്തിൽ, ഇന്ത്യ, പ്രത്യേകിച്ച് കേരളം, ഒരുപരിധിവരെ രോഗത്തോട് മല്ലടിച്ചുനിന്നു എന്നുവേണം പറയാൻ. ഇതിന് കേരള ഗവൺമെൻ്റിനെ പ്രത്യേകം അഭിനന്ദിച്ചേ മതിയാകൂ. ഏത് രീതിയിൽ ആവും കൊറോണാനന്തര സമൂഹമെന്നത് നമുക്കൊന്നു ഭാവന ചെയ്യാനും പ്രവചിക്കാനും വലിയ പ്രയാസമായിരിക്കും. എന്നാലും ഒരു സാമാന്യബുദ്ധി വെച്ച് പറഞ്ഞാൽ നമ്മുടെ സമ്പദ്ഘടന വലിയതോതിൽ തകരാറിലാവും എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ സമ്പദ്ഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രവാസികൾ തന്നെയാണ്. ഇവിടെ കാർഷികോൽപ്പന്നങ്ങളോ വ്യാവസായിക ഉൽപ്പന്നങ്ങളോ വ്യാപാരങ്ങളോ കാര്യമായിട്ടില്ല. നമുക്ക് ഗൾഫ് നാടുകളിൽ നിന്നും അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഒക്കെ പണം വരുകയാണ്. ഈ പ്രവാഹം ഇനി ഉണ്ടാവില്ല. ഇതിനെ മറികടക്കാൻ നാം മനസ്സൊരുക്കം നടത്തേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ച് പറയുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ് മതാചാരങ്ങളും ജാത്യാചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ. പള്ളി പെരുന്നാള് പള്ളിപ്പെരുന്നാളാവട്ടെ, ഉത്സവങ്ങളാവട്ടെ, നേർച്ചയാവട്ടെ, ഭരണിയാവട്ടെ ഇതിനൊക്കെ പണം കിട്ടുന്നത് കുറയും. അതുകൂടാതെ ആളുകൾക്ക് കൂട്ടം കൂടുന്നതിന് പേടി ഉണ്ടാകും. കയ്യിലുള്ള പണമെടുത്ത് അത്തരം കാര്യങ്ങൾക്കായി ചിലവഴിക്കാൻ ആളുകൾ മടിക്കും. ഇതുപോലെ സാഹിത്യചർച്ചകൾ, പുസ്തകപ്രകാശനങ്ങൾ, അവാർഡ്ദാന ചടങ്ങുകൾ ഇതൊക്കെ മുടങ്ങുകയോ ചുരുങ്ങുകയോ ചിലപ്പോൾ ഇല്ലാതാവുകയോ തന്നെ ചെയ്യും. ഒന്നിച്ചു കൂടിയിരിക്കുന്ന അവസരം കുറയും നാടകം, സിനിമ എന്നിവ ഇല്ലാതാകും. പൊതുയോഗങ്ങളും മറ്റും ഓൺലൈൻവഴി അതായത് സ്കൈപ്പ്, ഗൂഗിൾമീറ്റ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, സൂം തുടങ്ങിയ ആധുനികമാധ്യമങ്ങളുപയോഗിച്ചാവും. കുറച്ചുകാലത്തേക്ക് നമ്മൾ ഏതായാലും വീട്ടുതടങ്കൽ എന്ന അവസ്ഥയിലാവും. മനുഷ്യന്റെ ശീലങ്ങൾ പലതരത്തിൽ മാറും. മനസ്സിൽനിന്ന് ശീലം ഉണ്ടാവുകയല്ല മറിച്ച് ശീലങ്ങൾക്കനുസരിച്ച് മനസ്സ് ഉണ്ടാവുകയാണ് ചെയ്യുന്നത്. ഒരാൾ രാവിലെ നടന്ന ശീലമായാൽ അയാൾക്ക് നടക്കണം എന്നൊരു മനസ്സുണ്ടാകും; കള്ളുകുടി ശീലമായ ഒരാൾക്ക് കള്ളു കുടിക്കണം എന്നൊരു ആഗ്രഹം മനസ്സിലുണ്ടാവും. നമ്മുടെ മനസ്സ് ഒരു പുതിയ സാമൂഹികജീവിതത്തിനും സാമ്പത്തികജീവിതത്തിനും ഒരുങ്ങേണ്ടിവരും. കാരണം, സമ്പത്ത് ഇല്ലാതെവരും. സമ്പത്ത് ഉണ്ടെങ്കിൽ തന്നെ അത് അനുഭവിക്കാനുള്ള സാമൂഹികസ്ഥിതി അഥവാ അവസ്ഥ ഇല്ലാതായെന്നുവരും. ഇതിന്റെ പരിക്കുകളിൽ നിന്ന് കരകയറുക അത്ര എളുപ്പമല്ല. അതിനായി ഓരോ രാജ്യങ്ങളും ചില സ്വാർത്ഥതാല്പര്യങ്ങൾ മുന്നോട്ടു വച്ചെന്നുവരും. ഇനി കുടിയേറ്റവിസ അനുവദിക്കില്ലെന്ന നിലപാട് അമേരിക്ക അറിയിച്ചു കഴിഞ്ഞു. ഗൾഫ് നാടുകളുടെ അവസ്ഥ വളരെ കഷ്ടത്തിലാകും. അവിടെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കും. വാഹനങ്ങൾ പഴയതുപോലെ ഓടാത്ത ഒരു സ്ഥിതി വരും; പെട്രോളും ഡീസലും ആരും വാങ്ങിയില്ല എന്നുവരും. ഇങ്ങനെ മനുഷ്യൻ നിശ്ചലമാകുമ്പോൾ പ്രകൃതിക്ക് നല്ലകാലമാണ്.
നമ്മുടെ വിദ്യാഭ്യാസം എങ്ങനെ മാറും എന്ന് പറയാൻ കഴിയില്ല. കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠിക്കാൻ കഴിയാത്ത അവസ്ഥയായിക്കഴിഞ്ഞു; പഠനം ഓൺലൈനായി. അതേപോലെ ജോലിയും വീട്ടിൽ ഒരു മുറിക്കുള്ളിൽ ഒരു കമ്പ്യൂട്ടറിനു മുമ്പിൽ ആയിക്കഴിഞ്ഞു. ഇത് ഐടി മേഖലയിൽ മാത്രമാണ്. മറ്റു ചില ജോലികൾ തീരെ ഇല്ലാതാവും. ഇത് മതപുരോഹിതന്മാരെയും രാഷ്ട്രീയ നേതാക്കന്മാരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് എനിക്ക് തോന്നുന്നത്. കൊടുങ്ങല്ലൂർ ഭരണിയും തൃശൂർപൂരവുമൊക്കെ വേണ്ടെന്നുവച്ചു. പെരുന്നാളിന് പള്ളിയിൽ ഒത്തുകൂടുന്നത് ഇല്ലാതായി.
മക്ക, മദീന പോലുള്ള വിശുദ്ധ ദേവാലയങ്ങൾ ഒക്കെ അടച്ചിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഈസ്റ്റർ ബസേലിക്കയിൽ മാർപാപ്പ ഒറ്റയ്ക്കാണ് ആഘോഷിച്ചത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളൊന്നും തന്നെ പഴയരീതിയിൽ ആയിരിക്കുകയില്ല.കുടുംബം, സമൂഹം എന്നിവയൊക്കെ പ്രവചിക്കാനാവാത്ത രീതിയിൽ മാറ്റത്തിന് വിധേയമാവും. എങ്കിലും മനുഷ്യർ അതിജീവിക്കുക തന്നെ ചെയ്യും